03/09/2026
[fontresizer_tawhidurrahmandear_widget]

‘ഇത് അവസാനവർഷമായേക്കാം’;1000 ഗോൾ തികച്ചാൽ ബൂട്ടഴിക്കും? വിരമിക്കൽ പ്ലാനുകൾ വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

 ‘ഇത് അവസാനവർഷമായേക്കാം’;1000 ഗോൾ തികച്ചാൽ ബൂട്ടഴിക്കും? വിരമിക്കൽ പ്ലാനുകൾ വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

ലിസ്ബൺ: പോർച്ചുഗൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ സൂചനകൾ നൽകി. ‘വോഗ്’ മാസികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം മനസ്സുതുറന്നത്. ഇത് ഫുട്ബോളിലെ തന്റെ അവസാന വർഷമായേക്കാമെന്നും, മികച്ച പാരമ്പര്യം നിലനിർത്തിക്കൊണ്ട് കളിക്കളം വിടാനാണ് ആഗ്രഹിക്കുന്നതെന്നും ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

കരിയറിൽ ഇതുവരെ 1326 മത്സരങ്ങൾ കളിച്ചിട്ടുള്ള 41-കാരനായ താരം 976 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ 1000 ഗോളുകൾ തികച്ചാൽ വിരമിച്ചേക്കുമെന്ന ശക്തമായ സൂചനയാണ് അദ്ദേഹം നൽകുന്നത്. പിതാവിന്റെ മരണത്തിന് പിന്നാലെ അർജൻ്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയും അടുത്തിടെ വിരമിക്കൽ സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെയും പ്രതികരണം പുറത്തുവരുന്നത്.

വിരമിക്കലിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും അഭിമുഖത്തിൽ താരം വാചാലനായി. ഫുട്ബോൾ ദിനചര്യയുടെ ഭാഗമല്ലാതാകുന്ന ഒരു കാലത്തെക്കുറിച്ച് താൻ ചിന്തിച്ചുതുടങ്ങിയെന്നും അതിലേക്ക് ഇനി അധികം ദൂരമില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. ഭാവിയെക്കുറിച്ച് കൃത്യമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. തന്നെ എപ്പോഴും സജീവമാക്കി നിർത്താൻ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുള്ളതിനാൽ അതിൽ നിന്ന് ഒരെണ്ണം മാത്രം തിരഞ്ഞെടുക്കുക ബുദ്ധിമുട്ടാണ്. ഫുട്ബോളിൽ നിന്നുള്ള പിന്മാറ്റം ജീവിതത്തിൽ വലിയൊരു ശൂന്യത സൃഷ്ടിക്കുമെന്നും, അതിൽ നിന്ന് പുറത്തുകടക്കാൻ യാത്രകളും മറ്റ് ഇഷ്ട കായികവിനോദങ്ങളും തിരഞ്ഞെടുക്കുമെന്നും താരം വ്യക്തമാക്കി.

വലിയ ത്യാഗങ്ങൾ നിറഞ്ഞ 25 വർഷങ്ങളാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ ജോർജീന റോഡ്രിഗസുമായുള്ള വിവാഹം കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ അഭിമുഖം പുറത്തുവന്നിരിക്കുന്നത്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്‌റിന് വേണ്ടി ബൂട്ടണിയുന്ന താരം പുതിയ സീസണിനായി ക്ലബ്ബിനൊപ്പം ചേർന്നിട്ടുണ്ട്.

Also read: