04/09/2026
[fontresizer_tawhidurrahmandear_widget]

യാത്രക്കാരുടെ ജാതി അധിക്ഷേപം ചോദ്യം ചെയ്തു!; ദളിത് ഡ്രൈവർക്ക് റാപ്പിഡോയുടെ വക 100 വർഷത്തെ സസ്പെൻഷൻ

 യാത്രക്കാരുടെ ജാതി അധിക്ഷേപം ചോദ്യം ചെയ്തു!; ദളിത് ഡ്രൈവർക്ക് റാപ്പിഡോയുടെ വക 100 വർഷത്തെ സസ്പെൻഷൻ

ലഖ്‌നൗ: യാത്രക്കാരുടെ ജാതി അധിക്ഷേപങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിൽ ലഖ്‌നൗവിൽ 30-കാരനായ ദളിത് റാപ്പിഡോ ഡ്രൈവറെ 99 വർഷവും 11 മാസത്തേക്കും സസ്പെൻഡ് ചെയ്ത് കമ്പനി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരനായ അങ്കിത് കുമാർ എന്ന യുവാവിന്റെ അക്കൗണ്ടാണ് ഇത്തരത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുള്ളത്. യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഡ്രൈവറുടെ ഭാഗം ഒരു തവണ പോലും കേൾക്കാൻ തയ്യാറാകാതെയാണ് കമ്പനി തന്റെ ഏക ഉപജീവനമാർഗ്ഗം അടച്ചുകളഞ്ഞതെന്ന് കാണിച്ച് യുവാവ് രംഗത്തെത്തി.

ലഖ്‌നൗവിലെ പി.ജി.ഐ മേഖലയിൽ താമസിക്കുന്ന അങ്കിത് കുമാർ, തന്റെ കുടുംബത്തെ പോറ്റുന്നതിന് വേണ്ടിയാണ് റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് ഒരു ദിവസവേതന തൊഴിലാളിയും മാതാവ് വീട്ടമ്മയുമാണ്.

കഴിഞ്ഞ തിങ്കളാഴ്ച ഉത്രഹ്തിയ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാർബാഗ് റെയിൽവേ സ്റ്റേഷനിലേക്ക് നാല് യാത്രക്കാരുമായി പോകുമ്പോഴാണ് വിവാദമായ സംഭവങ്ങളുടെ തുടക്കം. യാത്രക്കാർ തങ്ങളുടെ സംസാരത്തിനിടയിൽ ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമർശിക്കുകയും, പിന്നീട് അത് ജാതീയ അധിക്ഷേപങ്ങളിലേക്ക് കടക്കുകയുമായിരുന്നു. ഒരു വ്യക്തിയുടെ കഴിവുകളെ അയാളുടെ ജാതിയുമായി ബന്ധപ്പെടുത്തിക്കൊണ്ട് യാത്രക്കാർ മോശമായി സംസാരിച്ചപ്പോൾ, അത്തരം പരാമർശങ്ങൾ പിൻവലിക്കാൻ താൻ പലതവണ അവരോട് ആവശ്യപ്പെട്ടതായി അങ്കിത് പറയുന്നു. എന്നാൽ ഇത് വകവെക്കാതെ അവർ വീണ്ടും അധിക്ഷേപം തുടർന്നപ്പോൾ താൻ വാഹനം നിർത്തുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഒരു വ്യക്തിയുമായി നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ അയാളുടെ പേര് പറഞ്ഞ് വിമർശിക്കാമെന്നും, എന്നാൽ അതിൽ മുഴുവൻ സമുദായത്തെയും അധിക്ഷേപിക്കുന്നത് എന്തിനാണെന്നും അങ്കിത് ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെലിബാഗ് മാർക്കറ്റിന് സമീപമുള്ള പോലീസ് ഔട്ട്‌പോസ്റ്റിനടുത്താണ് ഇവർ വാഹനം നിർത്തിയതെന്നും പിന്നീട് അവിടെവച്ച് വലിയ വാക്ക് തർക്കങ്ങളുണ്ടായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഈ സംഭവത്തിന് ശേഷം യാത്രക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റാപ്പിഡോ അങ്കിത് കുമാറിന്റെ ഡ്രൈവർ അക്കൗണ്ട് അനിശ്ചിതകാലത്തേക്ക് റദ്ദാക്കുകയായിരുന്നു. ഡ്രൈവർ ആപ്ലിക്കേഷനിൽ നിന്നുള്ള സ്ക്രീൻഷോട്ട് പ്രകാരം 99 വർഷവും 11 മാസവുമാണ് സസ്പെൻഷൻ കാലാവധി കാണിക്കുന്നത്. ഇത് ഫലത്തിൽ ഒരു ആജീവനാന്ത വിലക്കിന് തുല്യമാണ്. തനിക്ക് യാത്രക്കാരുമായി മുൻപരിചയമോ മറ്റ് പ്രശ്നങ്ങളോ ഇല്ലായിരുന്നെന്നും അവരുടെ ജാതീയമായ അധിക്ഷേപങ്ങളെ മാത്രമാണ് താൻ എതിർത്തതെന്നും അങ്കിത് കുമാർ വ്യക്തമാക്കി.

കമ്പനി തന്റെ ഭാഗം കൂടി കേൾക്കാനുള്ള സാമാന്യ മര്യാദ കാണിക്കണമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന് പുറമെ, യാത്രക്കാരുമായുള്ള തർക്കത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ തനിക്ക് നിരന്തരം ഭീഷണി സന്ദേശങ്ങളും അസഭ്യവർഷങ്ങളും നേരിടേണ്ടി വരുന്നുണ്ടെന്നും അങ്കിത് വെളിപ്പെടുത്തി. ഈ വിഷയത്തിൽ ഡ്രൈവറുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിനോ യുവാവിന്റെ ആരോപണങ്ങൾക്കോ റാപ്പിഡോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also read: