‘സാറേ എന്റെ ആധാർ എവിടെ’? ജയിൽ ചാടിയ പ്രതി ആധാർ ചോദിച്ച് പോലീസ് സ്‌റ്റേഷനിൽ; തിരിച്ചറിഞ്ഞപ്പോൾ വീണ്ടും ‘എസ്കേപ്പ്’
പെരുമ്പാവൂർ: ആലുവ സബ് ജയിലിൽ നിന്ന് തടവുചാടിയ പ്രതി സ്വന്തം ആധാർ കാർഡ് തിരികെ വാങ്ങാനായി നേരെ എത്തിയത് പോലീസ് സ്റ്റേഷനിൽ. പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. അസം സ്വദേശിയായ മധുർ സോനോവൽ എന്നയാളാണ് ആധാർ കാർഡിനായി സ്റ്റേഷനിലെത്തുകയും, പിന്നീട് പോലീസിനെ വീണ്ടും വട്ടംചുറ്റിച്ച് കടന്നുകളയുകയും ചെയ്തത്.
മൊബൈൽ ഫോൺ മോഷണക്കേസിൽ കഴിഞ്ഞ ആഴ്ചയാണ് എടത്തല പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. തുടർന്ന് ആലുവ സബ് ജയിലിൽ പാർപ്പിച്ചിരുന്ന ഇയാൾ ഓഗസ്റ്റ് 24-ന് ജയിൽ ചാടുകയായിരുന്നു. ജയിൽ വളപ്പിൽ പണിനടക്കുന്ന കെട്ടിടത്തിന് മുകളിൽ കയറി മതിൽ ചാടിയാണ് ഇയാൾ രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തന്റെ ആധാർ കാർഡ് പെരുമ്പാവൂർ സ്റ്റേഷനിലാണെന്ന ധാരണയിലാണ് ജയിൽ ചാടിയ ശേഷം പ്രതി നേരെ ഇങ്ങോട്ടെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് ഇയാൾ ആധാർ ആവശ്യപ്പെട്ടെങ്കിലും ആദ്യം അവർക്ക് ആളെ മനസ്സിലായില്ല. എന്നാൽ, കഴിഞ്ഞ തവണ തന്നെ പിടികൂടിയ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ കണ്ടതോടെ വീണ്ടും കുടുങ്ങുമെന്ന് ഉറപ്പായ പ്രതി ഉടൻ തന്നെ അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും എല്ലാ സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശം നൽകുകയും ചെയ്തു. ഇയാൾ ട്രെയിൻ മാർഗ്ഗം കേരളം വിടാൻ സാധ്യതയുള്ളതിനാൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അസമിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അസം പോലീസിനും വിവരം കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, പ്രതി ജയിൽ ചാടാനിടയായ സുരക്ഷാ വീഴ്ചയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.