04/09/2026
[fontresizer_tawhidurrahmandear_widget]

1984-ലെ സിഖ് വിരുദ്ധ കലാപം: തിഹാറിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാർ അന്തരിച്ചു

 1984-ലെ സിഖ് വിരുദ്ധ കലാപം: തിഹാറിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയായിരുന്ന മുൻ കോൺഗ്രസ് എം.പി സജ്ജൻ കുമാർ അന്തരിച്ചു

ന്യൂഡൽഹി: 1984-ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന മുൻ കോൺഗ്രസ് എം.പിയും മുതിർന്ന നേതാവുമായ സജ്ജൻ കുമാർ (80) അന്തരിച്ചു. ഡൽഹിയിലെ തീഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തിന് പിന്നാലെ 1984 നവംബറിൽ ഡൽഹിയിൽ നടന്ന സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടത്. ഡൽഹിയിലെ പാലം കോളനി പ്രദേശത്തുണ്ടായ അക്രമങ്ങളിൽ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനായത് സജ്ജൻ കുമാറാണെന്ന് കണ്ടെത്തിയ ഡൽഹി ഹൈക്കോടതി, 2018 ഡിസംബർ 17-നാണ് അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഈ വിധിക്കെതിരെ അദ്ദേഹം നൽകിയ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് മരണം. അതേസമയം, കലാപകാലത്ത് ജനക്പുരി, വികാസ്പുരി തുടങ്ങിയ പ്രദേശങ്ങളിൽ അക്രമത്തിന് പ്രേരിപ്പിച്ചു എന്നാരോപിച്ച് രജിസ്റ്റർ ചെയ്തിരുന്ന മറ്റ് രണ്ട് കേസുകളിൽ കഴിഞ്ഞ ജനുവരിയിൽ ഡൽഹി കോടതി അദ്ദേഹത്തെ വെറുതെ വിട്ടിരുന്നു.

ഒരു കാലത്ത് ഡൽഹി രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ ഏറ്റവും ശക്തനായ നേതാക്കളിൽ ഒരാളായിരുന്നു സജ്ജൻ കുമാർ. 1977-ൽ ഡൽഹി കൗൺസിലറായാണ് അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകൻ സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന അദ്ദേഹം പിന്നീട് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (പി.സി.സി) ജനറൽ സെക്രട്ടറിയായി നിയമിതനായി. 1980-ൽ കോൺഗ്രസ് ടിക്കറ്റിൽ ഔട്ടർ ഡൽഹി മണ്ഡലത്തിൽ നിന്നും ആദ്യമായി ലോക്സഭയിലെത്തി. തുടർന്ന് 1991-ലും അദ്ദേഹം ഇതേ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 8.5 ലക്ഷത്തിലധികം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം ഔട്ടർ ഡൽഹി സീറ്റിൽ വിജയം വരിച്ചത്.

Also read: