05/09/2026
[fontresizer_tawhidurrahmandear_widget]

ന്യൂസിലൻഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്‌തീൻ’ പാർട്ടി; ഔദ്യോഗിക അംഗീകാരം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

 ന്യൂസിലൻഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്‌തീൻ’ പാർട്ടി; ഔദ്യോഗിക അംഗീകാരം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

വെല്ലിങ്ടൺ: ഗസ്സയിലെ ഇസ്രയേൽ നടപടികളും ഫലസ്തീൻ വിഷയവും ഇനി ന്യൂസിലൻഡ് പാർലമെന്ററി രാഷ്ട്രീയത്തിലും പ്രധാന ചർച്ചയാകുന്നു. ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും മുൻനിർത്തി രൂപീകരിച്ച ‘ഫ്രീ ഫലസ്തീൻ’ പാർട്ടിയെ ന്യൂസിലൻഡ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയായി അംഗീകരിച്ചു. ഇതോടെ വരാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടിക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ‘ഫ്രീ ഫലസ്‌തീൻ’ പാർട്ടിക്ക് ഔദ്യോഗിക പദവി നൽകിയതായി അറിയിച്ചത്. പാർട്ടിയുടെ പേരിന് അംഗീകാരം ലഭിച്ചെങ്കിലും, സമർപ്പിച്ച ലോഗോ ചില മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നിരസിച്ചിട്ടുണ്ട്. ലോഗോ പുതുക്കി നൽകാൻ പാർട്ടിക്ക് കമ്മീഷൻ അവസരം നൽകിയിട്ടുണ്ട്.

ഫലസ്തീൻ ഐക്യദാർഢ്യ പ്രസ്ഥാനങ്ങളെയും സാമൂഹിക പ്രവർത്തകരെയും ഏകോപിപ്പിച്ച് 2026 മേയിലാണ് പോൾ ഹോപ്‌കിൻസണിന്റെ നേതൃത്വത്തിൽ ഈ പാർട്ടി രൂപീകൃതമായത്. മനുഷ്യാവകാശ സംഘടനകളും സന്നദ്ധ പ്രവർത്തകരും തെരുവുകളിൽ നടത്തുന്ന പ്രതിഷേധങ്ങളെ പാർലമെൻ്ററി രാഷ്ട്രീയത്തിലേക്ക് എത്തിക്കുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം.

സ്വതന്ത്ര ഫലസ്‌തീൻ രാഷ്ട്ര രൂപീകരണത്തിന് പൂർണ പിന്തുണ നൽകുക, ഗസ്സയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇസ്രായേലിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശബ്ദമുയർത്തുക, അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക-രാഷ്ട്രീയ കൂട്ടുകെട്ടുകളിൽ നിന്ന് മാറി ന്യൂസിലൻഡ് സ്വതന്ത്രമായ വിദേശനയം സ്വീകരിക്കുക തുടങ്ങിയവയാണ് പാർട്ടി മുന്നോട്ടുവെക്കുന്ന പ്രധാന ആശയങ്ങൾ.

വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താനാണ് പാർട്ടിയുടെ തീരുമാനം. ഫലസ്തീൻ അനുകൂലികൾ, മുസ്‌ലിം വോട്ടർമാർ, അന്താരാഷ്ട്ര നീതിക്കായി നിലകൊള്ളുന്ന യുവജനങ്ങൾ എന്നിവരെയാണ് പാർട്ടി ലക്ഷ്യമിടുന്നത്.

അതേസമയം, പാർട്ടിയുടെ വരവിൽ ന്യൂസിലൻഡ് ജൂത കൗൺസിലും ഇസ്രയേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂസിലൻഡും കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഫലസ്തീൻ വിഷയത്തിൽ അനുഭാവം പുലർത്തുന്ന പ്രധാന പാർട്ടികളായ ലേബർ, ഗ്രീൻ പാർട്ടികളുടെ വോട്ട് ബാങ്കിൽ പുതിയ പാർട്ടിയുടെ സാന്നിധ്യം വിള്ളലുണ്ടാക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വിദേശനയവും അന്താരാഷ്ട്ര നീതിയും ഒരു പ്രധാന ചർച്ചാവിഷയമാക്കാൻ ‘ഫ്രീ ഫലസ്‌തീൻ’ പാർട്ടിയുടെ സാന്നിധ്യം കാരണമായേക്കും.

Also read: