ഇതാണ് യഥാർത്ഥ ഇൻസ്പിരേഷൻ! സഹായമായത് മക്കളുടെ പാഠപുസ്തകം; 51-ാം വയസ്സിൽ എംബിബിഎസ് പ്രവേശനം നേടി ഒരച്ഛൻ
ചെന്നൈ: ഡോക്ടറാകുക എന്ന കുട്ടിക്കാലത്തെ മോഹം യാഥാർത്ഥ്യമാക്കാൻ പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തമിഴ്നാട് സ്വദേശിയായ എ. സുരേഷ് കുമാർ. തന്റെ 51-ാം വയസ്സിൽ എംബിബിഎസ് പഠനം ആരംഭിച്ച് ഏവരെയും അമ്പരപ്പിക്കുകയാണ് ഇദ്ദേഹം. നാഗപട്ടണം ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് സുരേഷ് കുമാർ പ്രവേശനം നേടിയത്. അമ്പതാം വയസ്സിൽ അദ്ദേഹം തന്റെ രണ്ടാമത്തെ കരിയറിന് തുടക്കമിടുകയാണെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഫാർമസി ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം 1996-ൽ മെഡിക്കൽ റെപ്രസന്റേറ്റീവായാണ് സുരേഷ് കുമാർ കരിയർ ആരംഭിച്ചത്. നിലവിൽ ഒരു ഡയഗ്നോസ്റ്റിക് കമ്പനിയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ബി.ബി.എയും പിഎച്ച്.ഡിയും സ്വന്തമാക്കിയിട്ടുണ്ട്. 2022 മാർച്ചിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ നീറ്റ് പരീക്ഷയ്ക്കുള്ള ഉയർന്ന പ്രായപരിധി ഒഴിവാക്കിയതാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവായത്.
മക്കളുടെ ബയോളജി പാഠപുസ്തകങ്ങളും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ആശ്രയിച്ചായിരുന്നു നീറ്റ് പരീക്ഷയ്ക്കുള്ള അദ്ദേഹത്തിന്റെ തയ്യാറെടുപ്പുകൾ. ഇത്തവണത്തെ പരീക്ഷയിൽ 192 മാർക്ക് നേടിയ സുരേഷ്, ശാരീരിക വൈകല്യമുള്ളവരുടെ ക്വാട്ടയിലാണ് സർക്കാർ മെഡിക്കൽ കോളേജിൽ സീറ്റ് ഉറപ്പിച്ചത്. 2019-ൽ ഉണ്ടായ ഒരു വാഹനാപകടത്തെ തുടർന്ന് അദ്ദേഹത്തിന് 40 ശതമാനം ശാരീരിക വൈകല്യം സംഭവിച്ചിരുന്നു.
പഠനശേഷം ട്രാൻസ്പ്ലാൻ്റ് മെഡിസിനിൽ ഉപരിപഠനം നടത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. തന്റെയും കുടുംബത്തിന്റെയും ഭാവി സാമ്പത്തികമായി ഭദ്രമാണെന്നും, അതിനാൽ ശമ്പളമില്ലാതെയാണെങ്കിൽ പോലും പിന്നാക്ക-മലയോര മേഖലകളിൽ ഒരു ഡോക്ടറായി സേവനം ചെയ്യാൻ താൻ തയ്യാറാണെന്നും സുരേഷ് കുമാർ വ്യക്തമാക്കുന്നു. അതേസമയം, ഈ പ്രായത്തിൽ മെഡിക്കൽ പഠനം തുടങ്ങുമ്പോഴുള്ള ശാരീരിക അധ്വാനവും ഉറക്കമില്ലായ്മയും വലിയ വെല്ലുവിളിയാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.