02/09/2026
[fontresizer_tawhidurrahmandear_widget]

സ്വന്തമായി ബ്രാൻഡ് ആരംഭിച്ച് 8000 രൂപയുടെ ഷർട്ടുകൾ വിറ്റ് ഒരു 16-കാരൻ; വില കൂടാൻ കാരണം ബ്രാൻഡിങ്ങും പാക്കേജിംങ്ങും; പട്ടിണിയോട് പൊരുതി സ്വന്തം സാമ്രാജ്യം പണിയുന്ന മിടുക്കൻ

 സ്വന്തമായി ബ്രാൻഡ് ആരംഭിച്ച് 8000 രൂപയുടെ ഷർട്ടുകൾ വിറ്റ് ഒരു 16-കാരൻ; വില കൂടാൻ കാരണം ബ്രാൻഡിങ്ങും പാക്കേജിംങ്ങും; പട്ടിണിയോട് പൊരുതി സ്വന്തം സാമ്രാജ്യം പണിയുന്ന മിടുക്കൻ

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള ഒരു പതിനാറുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. യാതൊരുവിധ പശ്ചാത്തലമോ പിന്തുണയോ ഇല്ലാതെ സ്വന്തമായി ‘ബെൽവാരോ’ എന്ന പേരിൽ ഒരു വസ്ത്ര ബ്രാൻഡ് ആരംഭിച്ച് ശ്രദ്ധ നേടുകയാണ് മഹേന്ദ്ര എന്ന ഈ കൗമാരക്കാരൻ. വസ്ത്രങ്ങളുടെ സ്വന്തം ബ്രാൻഡ് നടത്തുന്ന ശുഭം ശിവ്‌ഹരെ എന്ന ഡിജിറ്റൽ ക്രിയേറ്ററെ റോഡ് സൈഡിൽ വെച്ച് മഹേന്ദ്ര സമീപിക്കുന്ന വീഡിയോ വൈറലായതോടെയാണ് ഈ മിടുക്കനെ ലോകം അറിയുന്നത്.

താൻ സ്വന്തമായി ഒരു ഷർട്ട് ബ്രാൻഡ് ഉണ്ടാക്കിയിട്ടുണ്ടെന്നും അത് വിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് മഹേന്ദ്ര ശുഭത്തിനെ സമീപിച്ചത്. ആത്മവിശ്വാസത്തോടെ തന്റെ ഉൽപ്പന്നങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ഷർട്ടുകൾ വിൽക്കാൻ നേരിട്ടിറങ്ങുകയും ചെയ്യുന്ന ഈ ചെറുപ്പക്കാരന്റെ വീഡിയോ പെട്ടെന്നുതന്നെ ഇന്റർനെറ്റിൽ തരംഗമായി മാറി.

മഹേന്ദ്ര തന്റെ ഷർട്ട് ബ്രാൻഡിനായി സ്വയം തയ്യാറാക്കിയ പ്രൊമോഷണൽ വീഡിയോയും പാക്കേജിംഗും ലോഗോയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുമെല്ലാം ശുഭത്തിന് കാണിച്ചുകൊടുത്തു. ഒരു ഷർട്ടിന് എത്രയാണ് വിലയെന്ന ചോദ്യത്തിന് 8,000 രൂപയാണ് എന്നായിരുന്നു മഹേന്ദ്രയുടെ മറുപടി. ഇത്രയും ഉയർന്ന വില കേട്ട് ഞെട്ടിയ ശുഭത്തോട്, ഷർട്ട് നിർമ്മിക്കാൻ ഏകദേശം 3,000 രൂപ ചിലവാകുമെന്നും ബാക്കി തുക ബ്രാൻഡിംഗിനാണെന്നും മഹേന്ദ്ര വളരെ വ്യക്തമായി മറുപടി നൽകി. തന്റെ ബ്രാൻഡിനെക്കുറിച്ചും ഉൽപ്പന്നങ്ങളെക്കുറിച്ചും ബിസിനസ്സ് വളർത്താനുള്ള ശ്രമങ്ങളെക്കുറിച്ചും ഈ പതിനാറുകാരൻ വളരെ ആത്മവിശ്വാസത്തോടെയാണ് സംസാരിച്ചത്. അച്ഛനില്ലാത്ത മഹേന്ദ്ര, നിലവിൽ ജോലിയില്ലാത്ത അമ്മയ്ക്കും രണ്ട് അനിയന്മാർക്കും ഒരു സഹോദരിക്കുമൊപ്പമാണ് കഴിയുന്നത്. യാതൊരുവിധ സാമ്പത്തിക പിന്തുണയോ ബിസിനസ്സ് ബന്ധങ്ങളോ ഇല്ലാതെയാണ് ഈ പതിനാറുകാരൻ തന്റെ ബ്രാൻഡിനെ വളർത്താൻ ശ്രമിക്കുന്നത്.

പതിനാറാം വയസ്സിൽ സ്വന്തമായി ഒരു ഉൽപ്പന്നം ഉണ്ടാക്കി, ഒരു ബ്രാൻഡ് സൃഷ്ടിച്ച്, ആളുകളുടെ മുന്നിൽ നേരിട്ടുചെന്ന് അത് വിൽക്കാൻ കാണിക്കുന്ന ഈ ധൈര്യം എല്ലാവർക്കും ഉണ്ടാകില്ലെന്ന് ശുഭം തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. ഇതിന്റെ തുടർച്ചയായി ശുഭം മഹേന്ദ്രയെ വീണ്ടും കാണുകയും കൂടുതൽ വിവരങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയും ചെയ്തു. ഭാവിയെക്കുറിച്ച് മറ്റ് കുട്ടികൾ ചിന്തിച്ചു തുടങ്ങുന്ന പ്രായത്തിൽ തന്നെ പരിമിതമായ സാഹചര്യങ്ങളിൽ നിന്നുകൊണ്ട് സ്വന്തം ഭാവി കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന മഹേന്ദ്രയ്ക്ക് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

ഇന്ത്യ ഉറ്റുനോക്കുന്ന യഥാർത്ഥ ‘ജെൻ സി’ എന്നാണ് ഇന്റർനെറ്റ് ഈ പതിനാറുകാരനെ വിശേഷിപ്പിക്കുന്നത്. ഭാവിയിൽ ടാറ്റ, ബിർള തുടങ്ങിയ വലിയ ബ്രാൻഡുകളെപ്പോലെ ഇത് വളരുമെന്നും, ഷർട്ടിന്റെ കോളറും നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന തുണിയും മികച്ച നിലവാരം പുലർത്തുന്നുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു. കൂടുതൽ ഷർട്ടുകൾ നിർമ്മിക്കുന്നതിലൂടെ ഇതിന്റെ വില നാലായിരമോ അയ്യായിരമോ ആയി കുറയ്ക്കാൻ സാധിക്കുമെന്നും ആളുകൾ നിർദ്ദേശിക്കുന്നുണ്ട്. ഒരിക്കലും തോറ്റുകൊടുക്കരുതെന്ന ഉപദേശത്തിനൊപ്പം, ഈ കൊച്ചു സംരംഭകനെ ബ്രാൻഡിംഗിലും മാർക്കറ്റിംഗിലും സാങ്കേതിക കാര്യങ്ങളിലും സഹായിക്കാൻ തയ്യാറാണെന്ന് അറിയിച്ച് സ്റ്റാർട്ടപ്പ് കമ്പനി ഉടമകൾ ഉൾപ്പെടെ നിരവധി പേരാണ് ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.

Also read: