പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; കാബിനിൽ കുടുങ്ങിയ ഡ്രൈവർ വെന്തുമരിച്ചു
കല്ലടിക്കോട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ രണ്ട് ലോറികൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ വൻ തീപിടുത്തത്തിൽ ഒരു ലോറിയുടെ ഡ്രൈവർക്ക് ദാരുണാന്ത്യം. കരിമ്പുഴ ആറ്റാശ്ശേരി പനാംകുന്ന് സ്വദേശി ചെരിപ്പുറത്ത് നസറുദ്ദീൻ (43) ആണ് വാഹനത്തിന്റെ കാബിനുള്ളിൽ കുടുങ്ങി വെന്തുമരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ കല്ലടിക്കോടിന് സമീപം കാഞ്ഞിക്കുളം സൊസൈറ്റിക്ക് മുന്നിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
പെരിന്തൽമണ്ണയിൽ കാറുകൾ ഇറക്കിയ ശേഷം പാലക്കാട്ടേക്ക് പോവുകയായിരുന്ന കണ്ടെയ്‌നർ ലോറിയും, കോഴിത്തീറ്റയുമായി എതിർദിശയിൽ വരികയായിരുന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും തീപിടിക്കുകയും നിമിഷനേരം കൊണ്ട് ആളിക്കത്തുകയുമായിരുന്നു. അപകടകാരണം വ്യക്തമല്ലെങ്കിലും, റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പുകൾ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാകാം കൂട്ടിയിടിയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
വലിയ പൊട്ടിത്തെറി ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർക്ക് തീ ആളിപ്പടർന്നതിനാൽ വാഹനങ്ങൾക്ക് അടുത്തേക്ക് എത്താനോ രക്ഷാപ്രവർത്തനം നടത്താനോ സാധിച്ചില്ല. ഇതിനിടെ കണ്ടെയ്നർ ലോറി ഡ്രൈവറായ ജാർഖണ്ഡ് സ്വദേശി ഉദയകുമാർ (35) വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടിയതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. വീഴ്ചയിൽ കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാൽ ചരക്കുലോറിയുടെ ഡ്രൈവറായ നസറുദ്ദീന് കാബിനിൽ നിന്ന് പുറത്തുകടക്കാനായില്ല.
വിവരമറിയിച്ചതിനെ തുടർന്ന് കോങ്ങാട്, മണ്ണാർക്കാട്, പാലക്കാട് അഗ്നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘമെത്തി ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്. കോങ്ങാട് പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തിയിരുന്നു. തീ പൂർണ്ണമായും കെടുത്തിയ ശേഷം ചരക്കുലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ചാണ് നസറുദ്ദീന്റെ കത്തിക്കരിഞ്ഞ മൃതദേഹം പുറത്തെടുത്തത്.
ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു
അപകടത്തെ തുടർന്ന് ദേശീയപാതയിൽ നാല് മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. അപകടത്തിൽപ്പെട്ട വാഹനങ്ങൾ റോഡിന് കുറുകെ കിടന്നതിനാൽ ഇരുചക്രവാഹനങ്ങൾക്ക് പോലും കടന്നുപോകാൻ കഴിഞ്ഞില്ല. തുടർന്ന് കാഞ്ഞിക്കുളം ചെക്പോസ്റ്റ് വഴി കോങ്ങാട് ഭാഗത്തേക്ക് വാഹനങ്ങൾ തിരിച്ചുവിട്ടാണ് പോലീസ് താത്കാലികമായി ഗതാഗതം നിയന്ത്രിച്ചത്. ചെറിയ വാഹനങ്ങൾ ഈ വഴി കടത്തിവിട്ടെങ്കിലും ചരക്കുലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ദേശീയപാതയിൽ തന്നെ കുടുങ്ങി. പിന്നീട് ക്രെയിനുകളുടെയും മണ്ണുമാന്തിയന്ത്രത്തിന്റെയും സഹായത്തോടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയ ശേഷം രാവിലെ ഒമ്പത് മണിയോടെയാണ് ഗതാഗതം പൂർണ്ണമായി പുനഃസ്ഥാപിച്ചത്.