‘തലച്ചോറിൽ നക്സലിസം സൂക്ഷിക്കുന്നവർ’; കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയതലത്തിൽ വിവാദമാക്കി ബിജെപി
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ നിന്ന് വന്ദേമാതരം ഒഴിവാക്കിയ നടപടി ബി.ജെ.പി ദേശീയതലത്തിൽ വിവാദമാക്കി. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നിർദ്ദേശപ്രകാരമാണ് കേരളം ഈ തീരുമാനമെടുത്തതെന്നും കോൺഗ്രസ് നേതൃത്വത്തിന്റെ തലച്ചോറിൽ നക്സലിസമാണെന്നും ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
പാർലമെന്റ് പാസാക്കിയ നിയമത്തെ അവഗണിക്കുന്ന ഇത്തരം നടപടികൾക്ക് കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്യത്തെ ജനങ്ങൾ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വന്ദേമാതരത്തെ എതിർക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ സ്കൂളുകളിലും വന്ദേമാതരം ഒഴിവാക്കിയിരുന്നു. ഇതിനിടെ, കോഴിക്കോട് കോർപ്പറേഷനിൽ എൽ.ഡി.എഫ് കൗൺസിലർമാർ ദേശീയഗാനം ആലപിച്ചപ്പോൾ ബി.ജെ.പി കൗൺസിലർമാർ സമാന്തരമായി വന്ദേമാതരം ചൊല്ലിയത് ശ്രദ്ധേയമായി. എന്നാൽ ബി.ജെ.പി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ വി.വി രാജേഷിന്റെ നേതൃത്വത്തിൽ പതാക ഉയർത്തിയതിനൊപ്പം വന്ദേമാതരം മുഴുവനായി ആലപിച്ചു.