ബിജെപി അധികാരമേറ്റതിന് പിന്നാലെ കാവിയിൽ കുളിച്ച് സർക്കാർ കെട്ടിടങ്ങൾ; കൊൽക്കത്ത ഫൈൻ ആർട്സ് അക്കാദമിക്കും കാവിയടിച്ചു; വൻ പ്രതിഷേധം
കൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും പഴക്കമേറിയതുമായ സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ കൊൽക്കത്ത അക്കാദമി ഓഫ് ഫൈൻ ആർട്സിന്റെ ടിക്കറ്റ് കൗണ്ടറിന് കാവി നിറം നൽകിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം കനക്കുന്നു. നിറംമാറ്റത്തെച്ചൊല്ലി ബി.ജെ.പിയും ഇടതുപക്ഷവും തമ്മിൽ വലിയ തർക്കമാണ് ഇവിടെ ഉടലെടുത്തിരിക്കുന്നത്. സാംസ്കാരിക സ്ഥാപനങ്ങളെ കാവിവൽക്കരിക്കാൻ ശ്രമിക്കുകയാണെന്ന് ഇടതുപക്ഷം ആരോപിക്കുമ്പോൾ, പഴയ നിറം പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.
സാംസ്കാരിക പ്രവർത്തനങ്ങളുടെയും നാടകങ്ങളുടെയും പ്രധാന വേദിയായ അക്കാദമിയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിറത്തിന്റെ പേരിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ജൂലൈ ആദ്യം ടിക്കറ്റ് കൗണ്ടറിന് കാവി നിറം അടിച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഇതിനെതിരെ രംഗത്തുവന്ന ഇടതുപക്ഷ പ്രവർത്തകരും നാടക കലാകാരന്മാരും കാവിക്ക് മുകളിൽ വെള്ള പെയിന്റടിച്ച് പ്രതിഷേധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ബുധനാഴ്ച ബി.ജെ.പി എം.എൽ.എ രുദ്രനിൽ ഘോഷിന്റെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ ‘ജയ് ശ്രീറാം’, ‘വന്ദേ മാതരം’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി കെട്ടിടത്തിൽ വീണ്ടും കാവി പെയിന്റ് അടിക്കുകയായിരുന്നു.
കഴിഞ്ഞ മെയ് മാസത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ബംഗാളിൽ അധികാരത്തിലേറിയതിന് പിന്നാലെ സർക്കാർ കെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും വ്യാപകമായി ഇത്തരം നിറംമാറ്റങ്ങൾ നടക്കുന്നതായി വിമർശനമുയർന്നിരുന്നു. ഹിന്ദുത്വ ആശയങ്ങൾ ബലപ്രയോഗത്തിലൂടെ സാംസ്കാരിക കേന്ദ്രങ്ങളിലേക്ക് അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നാണ് ഇടതുപക്ഷത്തിന്റെയും സാംസ്കാരിക പ്രവർത്തകരുടെയും ആരോപണം. അക്കാദമിയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത് സി.പി.ഐ.എം ആണെന്നും, വെള്ള പെയിന്റ് അടിച്ച കലാകാരന്മാർക്കൊപ്പം സി.പി.ഐ.എം നേതാവ് ബികാഷ് രഞ്ജൻ ഭട്ടാചാര്യ ഉണ്ടായിരുന്നുവെന്നും രുദ്രനിൽ ഘോഷ് വിമർശിച്ചു.
എന്നാൽ കാവിവൽക്കരണമെന്ന ആരോപണത്തെ ബി.ജെ.പി തള്ളി. അക്കാദമി ടിക്കറ്റ് കൗണ്ടറിന്റെ യഥാർത്ഥ നിറം കാവിയും ചോക്ലേറ്റ് ബോർഡറുമായിരുന്നുവെന്നും, മുൻ ടി.എം.സി സർക്കാർ മാറ്റിയ പഴയ നിറം പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് രുദ്രനിൽ ഘോഷിന്റെ വാദം. കാവി ബഹുമാനത്തിന്റെ പ്രതീകമാണെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഈ വാദം തെറ്റാണെന്നും കൗണ്ടറിന് ഒരിക്കലും കാവി നിറമായിരുന്നില്ലെന്നും പ്രശസ്ത നാടകപ്രവർത്തകൻ ചന്ദൻ സെൻ വ്യക്തമാക്കി. ‘ഒരു രാഷ്ട്രീയ അഭിപ്രായമോ പ്രത്യയശാസ്ത്രമോ ബലപ്രയോഗത്തിലൂടെ സ്ഥാപിക്കാനാവില്ല’ എന്നാണ് ഇടതുപക്ഷ സഹയാത്രികനും സംവിധായകനുമായ കമലേശ്വർ മുഖർജി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.