04/09/2026
[fontresizer_tawhidurrahmandear_widget]

‘മദ്യപാനത്തിനുള്ള ക്ഷണം നിരസിച്ചു’; യുപിയിൽ ട്രെയിൻ യാത്രയ്ക്കിടെ മുസ്‌ലിം വിദ്യാർഥിക്ക് ക്രൂരമർദനം

 ‘മദ്യപാനത്തിനുള്ള ക്ഷണം നിരസിച്ചു’; യുപിയിൽ ട്രെയിൻ യാത്രയ്ക്കിടെ മുസ്‌ലിം വിദ്യാർഥിക്ക് ക്രൂരമർദനം

ലഖ്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ മദ്യപിക്കാൻ വിസമ്മതിച്ച മുസ്‌ലിം വിദ്യാർഥിക്ക് നേരെ അതിക്രമം. മീററ്റിൽ നിന്ന് ദേവ്ബന്ദിലേക്ക് പോവുകയായിരുന്ന മുൻതസിർ എന്ന വിദ്യാർഥിയെയാണ് മദ്യപസംഘം ക്രൂരമായി മർദിച്ചത്. വിദ്യാർഥിയുടെ മൊബൈൽ ഫോണും പണവും കവർന്ന അക്രമികൾ ഇയാളെ ട്രെയിനിൽ നിന്ന് ബലമായി ഇറക്കിവിടുകയും ചെയ്തു.

പ്രശസ്ത ഇസ്ലാമിക പഠന കേന്ദ്രമായ ദാറുൽ ഉലൂം ദേവ്ബന്ദിലേക്ക് പോവുകയായിരുന്നു മുൻതസിർ. ട്രെയിനിൽ തന്റെ സീറ്റിൽ ശാന്തനായി ഇരിക്കുകയായിരുന്ന വിദ്യാർഥിയെ, അവിടെയിരുന്ന് മദ്യപിക്കുകയായിരുന്ന ഒരു സംഘം ആളുകൾ മദ്യം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നു. എന്നാൽ ഇത് നിരസിച്ച് വിദ്യാർഥി അടുത്ത സീറ്റിലേക്ക് മാറി. അക്രമികൾ വീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയതോടെ മുൻതസിർ മറ്റൊരു കോച്ചിലേക്ക് മാറി.

എന്നാൽ ഏതാനും സ്റ്റേഷനുകൾ പിന്നിട്ട ശേഷം വിദ്യാർഥിയെ തിരഞ്ഞുപിടിച്ചെത്തിയ സംഘം അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഖതൗലി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അക്രമികൾ വിദ്യാർഥിയെ ബലമായി ട്രെയിനിൽ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഉത്തർപ്രദേശിൽ ട്രെയിൻ യാത്രക്കാർക്ക് നേരെ, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിൽപ്പെട്ടവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവവും വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിൽ ബിഹാർ സ്വദേശിയായ മദ്രസ അധ്യാപകൻ മൗലാന തൗസീഫ് റസാ മജ്ഹരിയെ (30) ബറേലി റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് സമാനമായ രീതിയിൽ ഒരു സംഘം ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു.

താൻ കള്ളനല്ലെന്നും മദ്രസ അധ്യാപകനാണെന്നും പറഞ്ഞിട്ടും കള്ളനെന്ന് ആരോപിച്ച് ഒരു സംഘം ആളുകൾ തന്നെ ഉപദ്രവിക്കുകയാണെന്ന് കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് ഇദ്ദേഹം ഭാര്യയെ വീഡിയോ കോളിൽ വിളിച്ച് പറഞ്ഞിരുന്നു. ബാഗിലെ പുസ്തകങ്ങൾ കാണിച്ചുകൊടുത്തിട്ടും സഹയാത്രികരാരും രക്ഷിക്കാനെത്തിയില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പിന്നീട് വെളിപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ റെയിൽവേ പോലീസിന്റെയും ഭരണകൂടത്തിന്റെയും സുരക്ഷാ വീഴ്ചകളിലേക്കാണ് വിരൽചൂണ്ടുന്നത്. യാത്രക്കാരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ പൂർണ്ണമായി പരാജയപ്പെടുകയാണെന്ന വിമർശനം ഇതോടെ കൂടുതൽ ശക്തമായിട്ടുണ്ട്.

Also read: