04/09/2026
[fontresizer_tawhidurrahmandear_widget]

‘സെൻസസിൽ മതവും ജനനസ്ഥലവും ചോദിക്കുന്നതിന് പിന്നിൽ എൻ.പി.ആർ നടപ്പാക്കാനുള്ള നീക്കം’; പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കാൻ അനുവദിക്കില്ലെന്ന് പിണറായി വിജയൻ

 ‘സെൻസസിൽ മതവും ജനനസ്ഥലവും ചോദിക്കുന്നതിന് പിന്നിൽ എൻ.പി.ആർ നടപ്പാക്കാനുള്ള നീക്കം’; പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കാൻ അനുവദിക്കില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: വരാനിരിക്കുന്ന സെൻസസിന്റെ ചോദ്യാവലിയിൽ മാതാപിതാക്കളുടെ ജനനസ്ഥലം, മതം തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സെൻസസിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) കൂടി സംസ്ഥാനത്ത് നടപ്പിലാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്ന ഒരു നയവും രാജ്യത്ത് അംഗീകരിക്കാനാകില്ലെന്നും, ജനങ്ങളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഇത്തരം ദുരൂഹമായ ചോദ്യങ്ങൾ സെൻസസിൽ നിന്ന് അടിയന്തരമായി ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെൻസസും എൻ.പി.ആറും രണ്ടാണെന്ന് കേന്ദ്രം പറയുമ്പോഴും ഇവ രണ്ടും ഒരുമിച്ച് നടപ്പാക്കാനാണ് ശ്രമം നടക്കുന്നത്. എൻ.പി.ആറിലെ വിവരങ്ങൾ ശേഖരിച്ചാണ് ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) തയ്യാറാക്കുന്നതെന്നും, എൻ.പി.ആർ എന്നത് എൻ.ആർ.സിയുടെ ആദ്യപടിയാണെന്നും 2018-19ലെ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. മാതാപിതാക്കളുടെ വിവരങ്ങളും മതവും ചോദിക്കുന്നതിലൂടെ കേന്ദ്രത്തിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും, ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ ഈ അപകടകരമായ അജണ്ടയെ മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കണമെന്നും പിണറായി വിജയൻ ആഹ്വാനം ചെയ്തു.

ഇത്രയും ഗൗരവകരമായ വിഷയത്തിൽ സംസ്ഥാനം ഭരിക്കുന്ന യു.ഡി.എഫ് സർക്കാർ പുലർത്തുന്ന മൗനം ആശങ്കാജനകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2003-ൽ വാജ്‌പേയ് സർക്കാരിന്റെ കാലത്താണ് പൗരത്വ നിയമഭേദഗതിയിലൂടെ എൻ.ആർ.സിയും എൻ.പി.ആറും കൊണ്ടുവന്നതെങ്കിലും, 2010-ൽ എൻ.പി.ആർ ആദ്യമായി നടപ്പാക്കിയത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരാണ്. എൻ.ആർ.സിയിലേക്ക് നയിക്കുന്ന എൻ.പി.ആർ, ഡി.എൻ.എ പ്രൊഫൈലിംഗ് തുടങ്ങിയ നയങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസ് ആയതുകൊണ്ടാണ് യു.ഡി.എഫ് ഇപ്പോൾ മൗനം പാലിക്കുന്നതെന്നും എൻ.പി.ആർ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് സംശയാസ്പദമാണെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ എൻ.പി.ആർ നടപടികൾ ഉണ്ടാകില്ലെന്ന് 2019-ൽ എൽ.ഡി.എഫ് സർക്കാർ ഉത്തരവിറക്കിയിരുന്നതായും, 2027-ലെ സെൻസസിന്റെ ഭാഗമായി കേരളത്തിൽ എൻ.പി.ആർ നടപ്പാക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണമാറ്റത്തിന് പിന്നാലെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ടകൾ യു.ഡി.എഫ് സർക്കാർ ഓരോന്നായി നടപ്പാക്കുകയാണെന്നും ഈ വിഷയത്തിലും അതേ വിധേയത്വം തുടരുമോ എന്നതിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: