‘പ്രധാനമന്ത്രിക്ക് ജനങ്ങളോട് ഒരു കെയറുമില്ല’; പിഎം കെയേഴ്‌സിൽ നിന്ന് ദുരിതകാലത്ത് സർക്കാർ ചെലവഴിച്ചത് 0.01 ശതമാനം മാത്രം; അക്കൗണ്ടിലുള്ളത് 8452.06 കോടി
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലെ ഭീമമായ തുകയുടെ വിനിയോഗത്തിൽ പുതിയ കണക്കുകൾ പുറത്ത്. ഏറ്റവും പുതിയ സാമ്പത്തിക വിവരങ്ങൾ പ്രകാരം ഫണ്ടിലുള്ള ആകെ തുകയുടെ 0.01 ശതമാനം മാത്രമേ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചിലവഴിച്ചിട്ടുള്ളൂ.
പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തെ ഓഡിറ്റ് പൂർത്തിയായപ്പോൾ 8452.06 കോടി രൂപയാണ് ഫണ്ടിൽ നിലവിൽ ബാക്കിയുള്ളത്. എന്നാൽ ഇതിൽ നിന്നും കേവലം 87 ലക്ഷം രൂപ മാത്രമാണ് വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ചിലവഴിച്ചിട്ടുള്ളത് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2023-24, 2024-25 സാമ്പത്തിക വർഷങ്ങളിലെ വാർഷിക കണക്കുകളുടെ ഓഡിറ്റിംഗ് ഓഗസ്റ്റ് ആദ്യവാരത്തിലാണ് പൂർത്തിയായത്. ഇതിലൂടെയാണ് 2025 മാർച്ച് 31 വരെയുള്ള നീക്കിയിരിപ്പിലെ ഈ വമ്പൻ വർദ്ധനവ് പുറത്തുവന്നത്.
തുടക്കത്തിൽ വൻതോതിൽ ഫണ്ടിലേക്ക് പണം ഒഴുകിയിരുന്നുവെങ്കിലും പിന്നീട് സംഭാവനകളിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. പുതിയ കണക്കുകൾ പ്രകാരം, ഫണ്ടിലേക്കുള്ള തദ്ദേശീയ സംഭാവനകൾ മുപ്പത് ശതമാനം കുറഞ്ഞ് 479 കോടി രൂപയിലും, വിദേശ സംഭാവനകൾ പതിനെട്ട് ശതമാനം കുറഞ്ഞ് 92.8 ലക്ഷം രൂപയിലുമെത്തി. കോവിഡ് രൂക്ഷമായ 2020-21 കാലഘട്ടത്തിൽ മാത്രം 7500 കോടിയിലധികം രൂപ ഈ ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ചിരുന്നുവെങ്കിലും പിന്നീട് ഓരോ വർഷവും ഇത് ക്രമേണ കുറഞ്ഞുവരികയായിരുന്നു.
2023-24 സാമ്പത്തിക വർഷത്തിൽ 7173 കോടി രൂപയാണ് ഫണ്ടിൽ ഉണ്ടായിരുന്നത്. ആ വർഷം തദ്ദേശീയമായി 681 കോടി രൂപയും വിദേശത്ത് നിന്ന് 1.13 കോടി രൂപയും ലഭിച്ചു. സംഭാവനകളിൽ ഇടിവുണ്ടായിട്ടും 2024-25 വർഷത്തിൽ ഫണ്ടിലെ തുക 8452 കോടി രൂപയായി വർദ്ധിക്കാൻ പ്രധാന കാരണം ഇതിൽ നിന്ന് ലഭിച്ച പലിശയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ബാങ്കുകളിൽ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിരിക്കുന്ന തുകയുടെ പലിശയിനത്തിൽ വലിയൊരു തുക ലഭിച്ചതാണ് ഫണ്ടിന്റെ മൂല്യം കുതിച്ചുയരാൻ കാരണമായത്. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരാത്ത പി.എം കെയേഴ്‌സ് ഫണ്ടിന്റെ സാമ്പത്തിക വിവരങ്ങൾ 2022-23 വർഷത്തിന് ശേഷം പുറത്തുവിട്ടിരുന്നില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോൾ പുറത്തുവന്ന ഈ കണക്കുകൾ, ഇത്രയും ഭീമമായ തുക അക്കൗണ്ടിൽ കെട്ടിക്കിടക്കുമ്പോഴും എന്ത് ആവശ്യങ്ങൾക്കാണ് അത് ഉപയോഗിക്കുന്നത് എന്നതിൽ വലിയ ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്.