06/08/2026
[fontresizer_tawhidurrahmandear_widget]

‘പെൺകുട്ടി ജനിച്ചാൽ അതിനും നിങ്ങൾ കേന്ദ്രത്തെ കുറ്റപ്പെടുത്തും’; നിയമസഭയിലെ ബിജെപി എംഎൽഎയുടെ പരാമർശം വിവാദത്തിൽ; വൻ പ്രതിഷേധം

 ‘പെൺകുട്ടി ജനിച്ചാൽ അതിനും നിങ്ങൾ കേന്ദ്രത്തെ കുറ്റപ്പെടുത്തും’; നിയമസഭയിലെ ബിജെപി എംഎൽഎയുടെ പരാമർശം വിവാദത്തിൽ; വൻ പ്രതിഷേധം

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭയിൽ ചർച്ചയ്ക്കിടെ ബിജെപി എംഎൽഎ അശ്വനി ശർമ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. ആം ആദ്മി സർക്കാരിനെ വിമർശിക്കാൻ ‘പെൺകുട്ടി ജനിക്കുന്നത്’ ഉദാഹരണമായി ഉപയോഗിച്ചതാണ് വിവാദങ്ങൾക്ക് കാരണമായത്.

സംസ്ഥാനത്തെ ഖനന മേഖലയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാർ യാതൊരു സഹായവും നൽകുന്നില്ലെന്ന് മന്ത്രി നരീന്ദർ കുമാർ ഗോയൽ നിയമസഭയിൽ ആരോപിച്ചിരുന്നു. ഇതിന് മറുപടി നൽകവെയാണ് അശ്വനി ശർമ വിവാദ പ്രസ്താവന നടത്തിയത്. “ഒരു കുടുംബത്തിൽ പെൺകുട്ടി ജനിച്ചാൽ അത് കേന്ദ്രത്തിൻ്റെ കുറ്റമാണെന്ന് നിങ്ങൾ പറയും, എന്നാൽ ആൺകുട്ടിയാണ് ജനിക്കുന്നതെങ്കിലോ, അത് നിങ്ങളുടെ കഠിനാധ്വാനമാണെന്ന് അവകാശപ്പെടുകയും ചെയ്യും”, എന്നായിരുന്നു ബിജെപി എംഎൽഎയുടെ വാക്കുകൾ.

എംഎൽഎയുടെ പരാമർശത്തിനെതിരെ ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടി കടുത്ത പ്രതിഷേധവുമായി സഭയിൽ രംഗത്തെത്തി. അശ്വനി ശർമയുടേത് സ്ത്രീവിരുദ്ധ മനോഭാവമാണെന്നും പെൺകുട്ടികളോടുള്ള വിവേചനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും എഎപി ആരോപിച്ചു. പെൺകുട്ടികൾ എല്ലാ മേഖലകളിലും മുന്നേറുന്ന കാലത്ത് ഇത്തരമൊരു പരാമർശം നടത്തിയ എംഎൽഎ പരസ്യമായി മാപ്പ് പറയണമെന്ന് മന്ത്രി അമൻ അറോറ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുമ്പോൾ സ്വന്തം പാർട്ടിയിലെ ഒരു ജനപ്രതിനിധി ഇത്തരത്തിൽ സംസാരിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവം വലിയ വിവാദമായതോടെ അശ്വനി ശർമ ഖേദപ്രകടനം നടത്തി. താൻ പഞ്ചാബിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു നാടൻ ശൈലി മാത്രമാണ് പറഞ്ഞതെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തൻ്റെ വാക്കുകളെ ആം ആദ്‌മി പാർട്ടി രാഷ്ട്രീയ ലാഭത്തിനായി വളച്ചൊടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അധ്യാപകരും കർഷകരും ഉൾപ്പെടെയുള്ള സ്ത്രീകൾക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുമ്പോൾ മൗനം പാലിക്കുന്ന എഎപിയാണ് ഇപ്പോൾ പ്രതിഷേധിക്കുന്നതെന്നും ശർമ തിരിച്ചടിച്ചു.

Also read: