സുകുമാര കുറുപ്പല്ല, അത് തൃശൂർ സ്വദേശി ദാമോദര മേനോൻ; കുറുപ്പ് കേസിൽ വീണ്ടും ട്വിസ്റ്റ്
തൃശൂര്‍: 42 വർഷമായി കേരള പോലീസ് തിരയുന്ന കൊലക്കേസ് പ്രതി സുകുമാര കുറുപ്പിന്റേതെന്ന് സംശയിച്ച് അടുത്തിടെ പോലീസ് ശേഖരിച്ച പാസ്‌പോർട്ടിലെ ചിത്രം കുറുപ്പിന്റേതല്ല. ചിത്രത്തിലുള്ളത് തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ ദാമോദര മേനോനാണെന്ന് അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരങ്ങളായ സുരേന്ദ്ര മേനോൻ, കരുണാകരൻ എന്നിവരാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ സുകുമാര കുറുപ്പ് കേസിലെ പുതിയ അന്വേഷണവഴികളിൽ വീണ്ടും ട്വിസ്റ്റുണ്ടായിരിക്കുകയാണ്.
ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുൻപ് മലേഷ്യയിലേക്ക് പോയ ദാമോദര മേനോൻ നിലവിൽ മലേഷ്യൻ പൗരത്വമുള്ളയാളാണ്. പാലക്കാട് സ്വദേശിനിയെയാണ് ഇദ്ദേഹം അവിടെവെച്ച് വിവാഹം കഴിച്ചത്. രണ്ട് മക്കളുള്ള ദാമോദര മേനോൻ അവസാനമായി നാട്ടിൽ വന്നത് മുപ്പത് വർഷം മുൻപാണെങ്കിലും നാട്ടിലെ വീട്ടുകാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ട്. ഒരു മാസം മുൻപ് വിളിച്ചപ്പോഴും കുടുംബാംഗങ്ങൾ അദ്ദേഹവുമായി സംസാരിച്ചിരുന്നു. നിലവിൽ ഒരു അപകടത്തിൽപ്പെട്ട് പരിക്കേറ്റ അദ്ദേഹം കിടപ്പിലാണെന്നും ആരോഗ്യനില മോശമാണെന്നും സഹോദരങ്ങൾ വ്യക്തമാക്കി.
സുകുമാര കുറുപ്പുമായി സാദൃശ്യമുള്ള ‘ജോൺ മേനോൻ’ എന്ന വ്യക്തിയെക്കുറിച്ച് പോലീസിന് ലഭിച്ച ചില അനൗദ്യോഗിക വിവരങ്ങളാണ് ഈ സംശയങ്ങൾക്ക് അടിസ്ഥാനമായത്. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ചില ഇന്ത്യക്കാരാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഈ വിവരം നൽകിയത്. മലേഷ്യയിലേക്ക് കുടിയേറിയ മലയാളി കുടുംബമെന്നാണ് ഇയാൾ പലരോടും പറഞ്ഞിരുന്നത്. ഇതുകൂടാതെ, നിർമ്മാണ സാധനങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുൻപ് നടന്ന ഒരു ക്രമക്കേടിൽ ജോൺ മേനോന്റെ പങ്കാളിയായ പാകിസ്ഥാനിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ദുരൂഹ പശ്ചാത്തലവും രൂപസാദൃശ്യവുമാണ് മലേഷ്യയിലുള്ള ഈ വ്യക്തി സുകുമാര കുറുപ്പാകാമെന്ന സംശയത്തിലേക്ക് പോലീസിനെ നയിച്ചത്. എന്നാൽ പ്രചരിക്കുന്ന പാസ്‌പോർട്ട് ചിത്രത്തിലുള്ളത് തങ്ങളുടെ സഹോദരനാണെന്ന് ദാമോദര മേനോന്റെ കുടുംബം കൂടി വ്യക്തമാക്കിയതോടെ പോലീസിന് ലഭിച്ച വിവരങ്ങൾ പൂർണ്ണമായും പൊളിയുകയാണ്.