വൈറൽ ജിം ഉടമ ‘മുഹമ്മദ് ദീപക്കിന്’ സുപ്രീം കോടതിയുടെ ആശ്വാസം; ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്തു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് കേസിലകപ്പെട്ട ജിം ഉടമയ്ക്ക് സുപ്രീം കോടതിയിൽ നിന്ന് വലിയ ആശ്വാസം. ‘മുഹമ്മദ് ദീപക്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വൈറലായ ദീപക് കുമാറിനെതിരായ എഫ്ഐആർ നടപടികൾ സുപ്രീം കോടതി തടഞ്ഞു. കേസ് റദ്ദാക്കണമെന്ന ദീപക്കിന്റെ ആവശ്യം നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തത്.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഹർജി പരിഗണിച്ചത്. എഫ്.ഐ.ആറിലെ തുടർനടപടികൾ സ്റ്റേ ചെയ്ത സുപ്രീം കോടതി, കേസിലെ മറ്റു കക്ഷികൾക്ക് നോട്ടീസ് അയക്കുകയും നാല് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. കൂടാതെ, സംഭവത്തെക്കുറിച്ചോ കേസിനെക്കുറിച്ചോ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നതിൽ നിന്നും ദീപക്കിനെ വിലക്കിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും സുപ്രീം കോടതി താൽക്കാലികമായി നീക്കിയിട്ടുണ്ട്. ദീപക് കുമാറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് കോടതിയിൽ ഹാജരായത്.
എന്താണ് കേസിനാസ്പദമായ സംഭവം?
കഴിഞ്ഞ ജനുവരി 26 നായിരുന്നു ഈ കേസിനാസ്പദമായ സംഭവം നടന്നത്. പ്രായമായ ഒരു മുസ്ലിം വ്യാപാരി തന്റെ കടയുടെ പേരിൽ ‘ബാബ’ എന്ന വാക്ക് ഉപയോഗിച്ചതിനെച്ചൊല്ലി ബജ്‌രംഗ് ദൾ പ്രവർത്തകർ പ്രശ്നമുണ്ടാക്കിയിരുന്നു. ഈ സമയം വ്യാപാരിക്ക് പിന്തുണയുമായി ദീപക് കുമാർ ധീരമായി രംഗത്തെത്തി. തർക്കത്തിനിടെ അവിടെയുണ്ടായിരുന്നവർ പേര് ചോദിച്ചപ്പോൾ ‘മുഹമ്മദ് ദീപക്’ എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദീപക്കിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.