‘ലഹരിയെത്തുന്നത് കേരളത്തിൽ നിന്ന്’; നിയമസഭയിൽ കേരളത്തെ കുറ്റപ്പെടുത്തി തമിഴ്നാട് എംഎൽഎ, ശരിവെച്ച് മന്ത്രിയും
ചെന്നൈ: തമിഴ്‌നാട്ടിലേക്ക് വ്യാപകമായി ലഹരിവസ്തുക്കൾ എത്തുന്നത് കേരളത്തിൽ നിന്നാണെന്ന ഗുരുതര ആരോപണവുമായി എ.ഐ.എ.ഡി.എം.കെ എം.എൽ.എ ആർ. രാകേഷ്. തമിഴ്നാട് നിയമസഭയിൽ സംസ്ഥാനത്തെ ലഹരി ഉപയോഗവും ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് കേരളത്തെ പഴിച്ച് എം.എൽ.എ രംഗത്തെത്തിയത്. കേരളത്തിൽ നിന്നുള്ള ലഹരിമരുന്നുകളുടെ ഒഴുക്ക് തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.
എം.എൽ.എയുടെ ഈ ആരോപണത്തെ പൂർണ്ണമായും ശരിവെക്കുന്ന തരത്തിലായിരുന്നു മന്ത്രി ആദവ് അർജുനയുടെ മറുപടി. ലഹരി മാഫിയക്കെതിരെ ഇരു സംസ്ഥാനങ്ങളും സംയുക്തമായി പോരാടുമെന്ന് മന്ത്രി സഭയെ അറിയിച്ചു. ഇതിന്റെ ഭാഗമായി കേരള ആഭ്യന്തര മന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി നേരിട്ട് ചർച്ച നടത്തിയിട്ടുണ്ടെന്നും കേരളത്തിൽ നിന്ന് അതിർത്തി കടന്ന് ലഹരിയെത്തുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും ആദവ് അർജുന വ്യക്തമാക്കി.
അതേസമയം, അടിയന്തര പ്രമേയ ചർച്ചയിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷമായ ഡി.എം.കെ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. തുടർന്ന് സഭയിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷ അംഗങ്ങൾ തിരികെ എത്തിയത്.