‘ഉദ്ഘാടനം നടന്നു, താക്കോലും കൊടുത്തു’; 11 വർഷമായിട്ടും ഒരു കട പോലും തുറക്കാതെ 300 മുറികളുള്ള മാൾ; കോടികളുടെ നഷ്ടം, ലാഭം ആർക്ക്?
വടകര: വടകര നാരായണ നഗറിൽ നഗരസഭയും ഹോളിഡേ ഗ്രൂപ്പും ചേർന്ന് നിർമ്മിച്ച 300 മുറികളുള്ള ബി.ഒ.ടി കെട്ടിടം വർഷങ്ങളായി ആർക്കും വേണ്ടാതെ അടഞ്ഞുകിടക്കുന്നു. നഗരത്തിലെ കണ്ണായ സ്ഥലത്ത് മൈതാനത്തിന്റെ വലിയൊരു ഭാഗം ഉപയോഗപ്പെടുത്തി നിർമ്മിച്ച കെട്ടിടം തുറക്കാത്തതിനാൽ നഗരസഭയ്ക്കും നിർമ്മാണ കമ്പനിക്കും കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
2006-ലാണ് വടകര നഗരസഭ നൽകിയ 2 ഏക്കർ ഭൂമിയിൽ ബിഒടി അടിസ്ഥാനത്തിൽ സംരംഭം ആരംഭിക്കാൻ തീരുമാനിച്ചത്. പദ്ധതിയുടെ നിർമ്മാണത്തിനാവശ്യമായ മുഴുവൻ തുകയും മുടക്കിയത് ഹോളിഡേ ഗ്രൂപ്പാണ്. 2015-ൽ ഉദ്ഘാടനം നടന്ന കെട്ടിടത്തിന്, 2020-ലാണ് നിർമ്മാണം പൂർത്തിയാക്കി നഗരസഭ ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകിയത്. കരാർ വ്യവസ്ഥകൾ പ്രകാരം നിർമ്മാണം പൂർത്തിയായി 25 വർഷം കഴിയുമ്പോൾ കെട്ടിടത്തിന്റെ പൂർണ്ണ അവകാശം നഗരസഭയ്ക്കായിരിക്കും.
കെട്ടിടത്തിന്റെ പണി പൂർത്തിയാകുന്നതിനും ഒക്യുപൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും മുൻപ് 2015 ജൂണിലാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഒരു മുറിയുടെ താക്കോൽ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തത്. ലേലം പോലും നടത്താതെ താക്കോൽ നൽകിയതിനെതിരെ അന്ന് യു.ഡി.എഫ് രംഗത്തെത്തിയിരുന്നു. താക്കോൽ ഏറ്റുവാങ്ങിയ വ്യക്തിപോലും കഴിഞ്ഞ 11 വർഷമായി അവിടെ കച്ചവടം ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ചെറിയ മുറികളായി വാടകയ്ക്ക് നൽകുന്നതിന് പകരം, വൻകിട ഷോപ്പിങ് മാളുകൾ വരും എന്ന പ്രതീക്ഷയിലാണ് അധികൃതർ കെട്ടിടം ഒഴിച്ചിട്ടിരിക്കുന്നത്. എന്നാൽ ഇത്തരം വൻകിട സംരംഭകരൊന്നും ഇവിടേക്ക് തിരിഞ്ഞുനോക്കാത്തതാണ് തിരിച്ചടിയായത്. മുറികൾ വാടകയ്ക്ക് നൽകി ലഭിക്കുന്ന അഡ്വാൻസും വാടകയും നഗരസഭയും ഹോളിഡേ ഗ്രൂപ്പും പങ്കിട്ടെടുക്കേണ്ടതാണ്. എന്നാൽ കെട്ടിടം തുറക്കാത്തതിനാൽ ഹോളിഡേ ഗ്രൂപ്പിന് നിലവിൽ യാതൊരു വരുമാനവുമില്ല. എങ്കിലും കരാർ പ്രകാരം പ്രതിവർഷം 24 ലക്ഷം രൂപ ഇവർ നഗരസഭയ്ക്ക് നൽകുന്നുണ്ട്. ഇത് മാത്രമാണ് നിലവിൽ നഗരസഭയ്ക്ക് ഈ പദ്ധതിയിൽ നിന്നുള്ള ഏക വരുമാനം. വാണിജ്യ സാധ്യതകളേറെയുള്ള ഈ വൻകിട കെട്ടിടം എന്ന് തുറക്കാനാകും എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.