04/09/2026
[fontresizer_tawhidurrahmandear_widget]

തെരുവുനായ ശല്യത്തിനെതിരെ അസാധാരണ പ്രതിഷേധം; നായയുടെ വേഷമിട്ട് കളക്ട്രേറ്റിലെത്തി യുവാവ്, വിഡിയോ വൈറൽ

 തെരുവുനായ ശല്യത്തിനെതിരെ അസാധാരണ പ്രതിഷേധം; നായയുടെ വേഷമിട്ട് കളക്ട്രേറ്റിലെത്തി യുവാവ്, വിഡിയോ വൈറൽ

ഭോപ്പാൽ: മധ്യപ്രദേശിലെ ഖണ്ട്വയിൽ തെരുവുനായ ശല്യത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി യുവാവ്. പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനായി കളക്ട്രേറ്റിൽ സംഘടിപ്പിച്ച യോഗത്തിലാണ് യുവാവ് നായയുടെ മുഖംമൂടി ധരിച്ചെത്തി ഏവരെയും അമ്പരപ്പിച്ചത്. ഖണ്ട്വ മുനിസിപ്പൽ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ദീപക് റാത്തോഡിനൊപ്പമാണ് യുവാവ് പ്രതിഷേധത്തിനായി എത്തിയത്. ഇരുവരും ചേർന്ന് കളക്ടറോട് പരാതി പറയുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നഗരത്തിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്ന തെരുവുനായ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പലവട്ടം അധികൃതരെ സമീപിച്ചിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്നാണ് യുവാവ് ഇത്തരമൊരു അസാധാരണ പ്രതിഷേധ മാർഗ്ഗം സ്വീകരിച്ചത്. യോഗത്തിൽ ഉടനീളം നായയുടെ വേഷം ധരിച്ച് നിന്ന യുവാവ് ഒരക്ഷരം പോലും ഉച്ചരിച്ചില്ലെങ്കിലും, ഈ നിശബ്ദ പ്രതിഷേധം ഉദ്യോഗസ്ഥരുടെയും അവിടെയുണ്ടായിരുന്ന നാട്ടുകാരുടെയും ശ്രദ്ധ പൂർണ്ണമായും പിടിച്ചുപറ്റി.

ഈ അവസരത്തിൽ നഗരത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിച്ചുവരുന്നതിലെ ആശങ്ക പ്രതിപക്ഷ നേതാവ് ദീപക് റാത്തോഡ് അധികൃതരെ അറിയിച്ചു. തെരുവുനായ്ക്കൾ കാരണം കുട്ടികൾക്കും കാൽനടയാത്രക്കാർക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, നഗരസഭ നടപ്പിലാക്കുന്ന നായ വന്ധ്യംകരണ പരിപാടിയിൽ വലിയ തോതിൽ ക്രമക്കേടുകളും അഴിമതിയും നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഒരു വാക്ക് പോലും മിണ്ടാതെ അധികൃതരുടെ ശ്രദ്ധ ക്ഷണിക്കാൻ യുവാവ് സ്വീകരിച്ച ഈ വേറിട്ട പ്രതിഷേധത്തെ പ്രശംസിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തുന്നത്. ഒരു പ്രശ്നത്തിലേക്ക് അധികാരികളുടെ ശ്രദ്ധ ആകർഷിക്കാൻ ഇതിലും മികച്ചൊരു മാർഗ്ഗമില്ലെന്നാണ് വിഡിയോ കണ്ട ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

Also read: