20/10/2026
[fontresizer_tawhidurrahmandear_widget]

ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരത്തിനിറങ്ങിയ താരങ്ങളുടെ കൈയിലെല്ലാം തോക്ക്!; ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിന് പിന്നാലെ ചർച്ചയായി ജപ്പാനിലെ ആദ്യത്തെ ക്രിക്കറ്റ് മത്സരം

 ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരത്തിനിറങ്ങിയ താരങ്ങളുടെ കൈയിലെല്ലാം തോക്ക്!; ഇന്ത്യ-ജപ്പാൻ ടി20 മത്സരത്തിന് പിന്നാലെ ചർച്ചയായി ജപ്പാനിലെ ആദ്യത്തെ ക്രിക്കറ്റ് മത്സരം

ടോക്യോ: ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സുസുകി കപ്പിനായുള്ള ടി20 അന്താരാഷ്ട്ര മത്സരത്തിൽ ജപ്പാനെതിരെ ഇന്ത്യക്ക് കഷ്ടിച്ച് ജയം. ടോക്കിയോയിൽ നിന്നും ഏകദേശം 80 കിലോമീറ്റർ അകലെയുള്ള സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന അഞ്ച് ഓവർ മത്സരത്തിൽ പൊരുതിക്കളിച്ച ജപ്പാനെതിരെ വെറും രണ്ട് റൺസിനാണ് ഇന്ത്യ വിജയിച്ചത്. ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ അഞ്ച് ഓവർ സ്കോർ പ്രതിരോധിച്ചാണ് ഇന്ത്യ ജപ്പാനെ കീഴടക്കിയത്. ബേസ്ബോളിന് വലിയ പ്രാധാന്യമുള്ള ജപ്പാനിൽ നടന്ന ഈ ആവേശകരമായ മത്സരത്തിന് വലിയൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. ഈ മത്സരത്തിന് 163 വർഷങ്ങൾക്ക് മുൻപ് ജപ്പാനിൽ നടന്ന ആദ്യത്തെ ക്രിക്കറ്റ് മത്സരത്തിന്റെ ചരിത്രം ഇതിനോട് അനുബന്ധിച്ച് വീണ്ടും ചർച്ചയാവുകയാണ്.

1863-ലെ വേനൽക്കാലത്താണ് ജപ്പാനിൽ ആദ്യമായി ഒരു ക്രിക്കറ്റ് മത്സരം നടന്നത്. അന്ന് യോക്കോഹാമ എന്ന തുറമുഖ നഗരത്തിൽ വെച്ച് നടന്ന മത്സരത്തിൽ ബ്രിട്ടീഷ് നാവികസേനയും ജപ്പാനിലെ പ്രവാസികൾ ഉൾപ്പെട്ട ഷോർ ടീമും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. എന്നാൽ ഇന്നത്തെപ്പോലെ വളരെ ശാന്തമായ ഒരു അന്തരീക്ഷത്തിലായിരുന്നില്ല ഈ മത്സരം നടന്നത്. കയ്യിൽ വാളുകളേന്തിയ സമുറായികളുടെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന ഭയം നിലനിന്നിരുന്നതിനാൽ കളിക്കാർ വളരെ പരിഭ്രാന്തിയിലായിരുന്നു. ഇതിനാൽ തന്നെ കളിക്കാർ സുരക്ഷയ്ക്കായി റിവോൾവറുകൾ കയ്യിൽ കരുതിയിരുന്നു. വിക്കറ്റ് കീപ്പർ തന്റെ റിവോൾവർ സ്റ്റമ്പിന് പിന്നിലായിരുന്നു വെച്ചിരുന്നത്. കൂടാതെ തോക്കുകളേന്തിയ ഒരു ചെറിയ നാവിക സൈനിക സംഘം മൈതാനത്തിന് ചുറ്റും കാവൽ നിന്നിരുന്നു.

2012-ൽ മൈക്ക് ഗാൽബ്രൈത്ത് എന്ന ചരിത്രകാരൻ നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ഈ രസകരമായ ചരിത്രസംഭവം പുറത്തുവന്നത്. ജപ്പാനിലെ ആദ്യ ക്രിക്കറ്റ് മത്സരത്തിൽ താൻ കളിച്ചിരുന്നതായി ബ്രിട്ടീഷ് അഡ്മിറലായിരുന്ന സർ ഹാരി റാവുസണിന്റെ വിസ്ഡൻ ഓർമ്മക്കുറിപ്പുകളിൽ നിന്ന് ഗാൽബ്രൈത്ത് കണ്ടെത്തി. തുടർന്ന് ലണ്ടനിൽ നിന്നുള്ള ‘ക്രിക്കറ്റ്’ മാഗസിനിൽ ഷോർ ടീമിന്റെ ക്യാപ്റ്റനായിരുന്ന ജെയിംസ് ക്യാമ്പ്ബെൽ ഫ്രേസർ എഴുതിയ ലേഖനത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചു. വിക്കറ്റ് കീപ്പർ വിക്കറ്റുകൾക്കിടയിലൂടെ റിവോൾവറുകളുമായി നടക്കുകയും അത് സ്റ്റമ്പിന് പിന്നിൽ സൂക്ഷിക്കുകയും ചെയ്തത് വളരെ വിചിത്രമായ ഒരു അനുഭവമായിരുന്നുവെന്ന് അദ്ദേഹം തന്റെ ലേഖനത്തിൽ കുറിച്ചിരുന്നു. ഒരു നാവിക ഉദ്യോഗസ്ഥന്റെ ഡയറിയിൽ നിന്നുള്ള വിവരങ്ങൾ കൂടി പരിശോധിച്ച് 1863 മെയ് 12-നോട് അടുത്താണ് ഈ മത്സരം നടന്നതെന്ന് ഗാൽബ്രൈത്ത് കണ്ടെത്തി.

ജപ്പാനിൽ സൈനിക ഗവർണർമാർ ഭരിച്ചിരുന്ന ഷോഗുണേറ്റ് കാലഘട്ടത്തിന്റെ അവസാന വർഷങ്ങളായിരുന്നു അത്. അക്കാലത്ത് ഒരു ജാപ്പനീസ് യുദ്ധപ്രഭുവിന്റെ അംഗരക്ഷകർ ഒരു ഇംഗ്ലീഷ് വ്യാപാരിയെ കൊലപ്പെടുത്തിയ സംഭവം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് 1863 ജൂൺ അവസാനത്തോടെ എല്ലാ വിദേശികളോടും രാജ്യം വിടാൻ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസികൾക്ക് സുരക്ഷയൊരുക്കാൻ നാവികസേനയെ നിയോഗിച്ചത്. എന്നാൽ അന്ന് സമുറായികളുടെ ആക്രമണങ്ങളൊന്നും ഉണ്ടായില്ല. മത്സരത്തിൽ നാവികസേന വിജയിക്കുകയും ചെയ്തു.

ഈ സംഭവത്തിന് ശേഷം അഞ്ച് വർഷം കഴിഞ്ഞ്, യോക്കോഹാമയിൽ സ്കോട്ടിഷ് തേയില വ്യാപാരിയായ ജെ.പി മോളീസൺ ജപ്പാനിലെ ആദ്യത്തെ ക്രിക്കറ്റ് ക്ലബ്ബ് സ്ഥാപിച്ചു. എന്നാൽ ജപ്പാനിൽ ക്രിക്കറ്റിനേക്കാൾ ബേസ്ബോളിനാണ് കൂടുതൽ സ്വീകാര്യത ലഭിച്ചത്. എങ്കിലും ഇന്ന് ജപ്പാനിൽ ക്രിക്കറ്റ് പതുക്കെ വളർന്നുവരികയാണ്. ജാപ്പനീസ് ക്രിക്കറ്റ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം അവിടെ 7,300-ലധികം കളിക്കാരും വർഷത്തിൽ 14,000-ത്തോളം പങ്കാളികളുമുണ്ട്. 2010 ലെ ഏഷ്യൻ ഗെയിംസിൽ ജപ്പാൻ വനിതാ ക്രിക്കറ്റ് ടീം വെങ്കല മെഡൽ നേടിയത് രാജ്യത്തെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.

Also read: