ദുബൈയിലെ ‘ബില്യണയേഴ്സ് ഐലൻഡിൽ’ 226 കോടിയുടെ ഭൂമി സ്വന്തമാക്കി റൊണാൾഡോ; പണിയാൻ പോകുന്നത് വമ്പൻ കൊട്ടാരം
ദുബൈ: സൗദി അറേബ്യൻ ക്ലബ്ബായ അൽ-നസ്റിനായി കളിക്കുന്നതിനിടെ മിഡിൽ ഈസ്റ്റിൽ കുടുംബസമേതം സ്ഥിരതാമസത്തിനായി പുതിയൊരു ആഡംബര താവളം ഒരുക്കുകയാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും. ദുബൈയിലെ അതിസമ്പന്നരുടെ വിഹാരകേന്ദ്രമായ ‘ജുമൈറ ബേ ഐലൻഡ്’ അഥവാ ‘ബില്യണയേഴ്സ് ഐലൻഡിൽ’ 25 ദശലക്ഷം യൂറോ (ഏകദേശം 226 കോടി രൂപ) മുടക്കിയാണ് ഇരുവരും തങ്ങളുടെ സ്വപ്നഭവനത്തിനായി സ്ഥലം സ്വന്തമാക്കിയത്.
കടലിന് നടുവിൽ കടൽക്കുതിരയുടെ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ദ്വീപ് ദുബൈയിലെ ഏറ്റവും സുരക്ഷിതവും പ്രീമിയം സൗകര്യങ്ങളുള്ളതുമായ ഇടങ്ങളിലൊന്നാണ്. ലോകോത്തര റിസോർട്ടുകളും യാട്ട് ക്ലബ്ബുകളും ഉൾക്കൊള്ളുന്ന ഇവിടെ ആകെ 124 കടലാഭിമുഖ വില്ലകൾ മാത്രമാണുള്ളത്. യു.എ.ഇയിലെ പ്രമുഖ ആഡംബര പ്രോപ്പർട്ടി നിർമ്മാതാക്കളായ പാലസ് ലക്ഷ്വറി ലിവിങ്ങാണ് റൊണാൾഡോയുടെ ഈ പുതിയ കൊട്ടാരത്തിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. തങ്ങളുടെ അഞ്ച് മക്കൾക്കും ജീവനക്കാർക്കും ഒരുമിച്ച് താമസിക്കാൻ കഴിയുന്ന രീതിയിൽ അത്യാധുനിക ഫിറ്റ്നസ് സെന്ററുകൾ, വിശാലമായ സ്വീകരണമുറികൾ, കടലിലേക്ക് നേരിട്ടിറങ്ങാവുന്ന തരത്തിലുള്ള ഔട്ട്ഡോർ ഇടങ്ങൾ എന്നിവയെല്ലാം പൂർണ്ണമായും തങ്ങളുടെ ഇഷ്ടപ്രകാരം രൂപകൽപന ചെയ്തുകൊണ്ടാണ് ഈ വീട് ഒരുങ്ങുന്നത്.
ദുബൈയിലെ ഈ പുതിയ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനൊപ്പം, സ്പെയിനിലെ മാഡ്രിഡിലുള്ള റൊണാൾഡോയുടെ പ്രശസ്തമായ ‘ലാ ഫിങ്ക’ വില്ലയും ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. റയൽ മാഡ്രിഡിൽ കളിക്കുന്ന കാലത്ത് 5 ദശലക്ഷം യൂറോയ്ക്ക് വാങ്ങിയ ഈ വീട് സ്പെയിൻ വിട്ടതിന് ശേഷം ഒഴിഞ്ഞുകിടക്കുകയായിരുന്നു. എന്നാൽ 2023 മുതൽ മാസം 10,000 യൂറോ നിരക്കിൽ ഈ വില്ല ഇവർ വാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഏഴ് കിടപ്പുമുറികളും ഒമ്പത് ബാത്ത്റൂമുകളും നീന്തൽക്കുളങ്ങളും ജിമ്മുമെല്ലാമുള്ള ഈ വീടിന്റെ വലുപ്പം കണ്ട് താൻ ആദ്യകാലത്ത് വട്ടം കറങ്ങിയിട്ടുണ്ടെന്ന് ജോർജിന തന്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയായ ‘ഐ ആം ജോർജിന’യിൽ മുൻപ് തുറന്നുപറഞ്ഞിരുന്നു. അടുക്കള എവിടെയാണെന്ന് കണ്ടുപിടിക്കാൻ പോലും അരമണിക്കൂറോളം എടുത്തെന്നായിരുന്നു ജോർജിനയുടെ വാക്കുകൾ. യൂറോപ്പിലെ പഴയ ഓർമ്മകൾ ഒരു മികച്ച നിക്ഷേപമായി നിലനിർത്തിക്കൊണ്ടുതന്നെ ഗൾഫ് മേഖലയിൽ തങ്ങളുടെ കുടുംബജീവിതത്തിന് ശക്തമായൊരു അടിത്തറ പാകുകയാണ് റൊണാൾഡോ ഇപ്പോൾ ദുബൈയിലൂടെ ചെയ്യുന്നത്.