02/09/2026
[fontresizer_tawhidurrahmandear_widget]

എസ്ഐആർ ;ഡൽഹിയിൽ 47.5 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റി; ന്യൂനപക്ഷ-എസ്.സി മണ്ഡലങ്ങളിൽ 45 ശതമാനം ആളുകള്‍ വരെ പുറത്ത്

 എസ്ഐആർ ;ഡൽഹിയിൽ 47.5 ലക്ഷം വോട്ടർമാരെ വെട്ടിമാറ്റി; ന്യൂനപക്ഷ-എസ്.സി മണ്ഡലങ്ങളിൽ 45 ശതമാനം ആളുകള്‍ വരെ പുറത്ത്

ന്യൂഡൽഹി: ഡൽഹിയിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആർ) ഭാഗമായി പുറത്തിറക്കിയ കരട് വോട്ടർ പട്ടികയിൽ നിന്നും വൻതോതിൽ പേരുകൾ ഒഴിവാക്കിയതായി പരാതി. ആകെയുള്ള 1.45 കോടി വോട്ടർമാരിൽ നിന്നും 47.5 ലക്ഷം പേരെയാണ് കരട് പട്ടികയിൽ നിന്നും വെട്ടിമാറ്റിയിരിക്കുന്നത്.

ഇത് ഡൽഹിയിലെ ആകെ വോട്ടർമാരുടെ ഏകദേശം 33 ശതമാനം വരും. ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലും, പട്ടികജാതി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത മണ്ഡലങ്ങളിലുമാണ് ഇത്തരത്തിൽ ഏറ്റവും കൂടുതൽ പേരെ ഒഴിവാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.

ന്യൂനപക്ഷ വിഭാഗത്തിന് നിർണായക സ്വാധീനമുള്ള ഓഖ്ല മണ്ഡലത്തിൽ നിന്നും 45 ശതമാനം വോട്ടർമാരുടെ പേരുകളാണ് പട്ടികയിൽ നിന്നും പുറത്തായത്. പട്ടേൽ നഗർ എസ്.സി സംവരണ മണ്ഡലത്തിൽ ഇത് 42 ശതമാനമാണ്. ചാന്ദ്നി ചൗക്കിൽ 38 ശതമാനവും, ബല്ലിമാരനിൽ 32 ശതമാനവും, മുസ്തഫാബാദിൽ 28 ശതമാനവും, ബാബർപൂരിൽ 26 ശതമാനവും പേരുകൾ കരട് പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. മറ്റ് എസ്.സി സംവരണ മണ്ഡലങ്ങളിലും സമാനമായ രീതിയിൽ ഉയർന്ന തോതിലുള്ള ഒഴിവാക്കലുകൾ നടന്നിട്ടുണ്ട്. കരോൾബാഗിൽ 40 ശതമാനവും, അംബേദ്കർ നഗറിൽ 39 ശതമാനവും, ദേവ്‌ലി, കൊണ്‌ഡ്‌ലി മണ്ഡലങ്ങളിൽ 37 ശതമാനം വീതവും, ത്രിലോക്പുരിയിൽ 33 ശതമാനവും, സീമാപുരി, സുൽത്താൻപൂർ മജ്‌റ എന്നിവിടങ്ങളിൽ 31 ശതമാനം വീതവും വോട്ടർമാർക്കാണ് പട്ടികയിൽ ഇടം നഷ്ടമായത്.

അതേസമയം, ഒഴിവാക്കപ്പെട്ട 47.56 ലക്ഷം പേരിൽ 43.32 ലക്ഷം പേരും സ്ഥിരമായി താമസം മാറിയവരോ നിലവിലെ മേൽവിലാസത്തിൽ കണ്ടെത്താനാകാത്തവരോ ആണെന്നാണ് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസിന്റെ വിശദീകരണം. ബാക്കിയുള്ളവരിൽ 2.82 ലക്ഷം പേർ മരണപ്പെട്ടവരും, 1.41 ലക്ഷം പേർ ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്തവരുമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കരട് പട്ടികയിൽ പേര് നഷ്ടപ്പെട്ടവർക്ക് സെപ്റ്റംബർ 30 വരെ അവകാശവാദങ്ങളും അപേക്ഷകളും സമർപ്പിച്ച് പേര് തിരികെ ചേർക്കാൻ അവസരമുണ്ട്. നവംബർ നാലിനാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.

Also read: