‘ഇപ്പോൾ എംബാപ്പെയും ഞാനും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരാണ്; പക്ഷേ ഇത്തവണത്തെ ബാലൻ ഡി ഓറിന് കൂടുതൽ അർഹൻ ഞാൻ തന്നെ‘; ലാമിൻ യമാൽ
ബാർസലോണ: നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി തന്നെയും റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയെയും തെരഞ്ഞെടുത്ത് ബാഴ്സലോണയുടെ സ്പാനിഷ് യുവതാരം ലാമിൻ യമാൽ. നിലവിലെ മികച്ച താരങ്ങൾ തങ്ങൾ രണ്ടുപേരുമാണെങ്കിലും ഈ വർഷം നേടിയ വലിയ നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ 2026-ലെ ബാലൺ ഡി ഓർ പുരസ്കാരം നേടാൻ ഏറ്റവും കൂടുതൽ അർഹത തനിക്കുതന്നെയാണെന്ന് 19-കാരനായ യമാൽ വ്യക്തമാക്കി.
മോവിസ്റ്റാർ പ്ലസ് ഡിപോർട്ടസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം തന്റെ ഈ നിലപാട് പരസ്യമായി വ്യക്തമാക്കിയത്. ഫുട്ബോൾ മത്സരങ്ങൾ കാണുന്ന ആർക്കും ഒരു കാര്യം വ്യക്തമാണെന്നും ഞാനും കിലിയൻ എംബാപ്പെയുമാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ വർഷം സ്വന്തമാക്കിയ നേട്ടങ്ങൾ മുൻനിർത്തി നോക്കുമ്പോൾ ബാലൺ ഡി ഓർ പുരസ്കാരം നേടാൻ അർഹത തനിക്കാണെന്നും യമാൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷത്തെ ബാലൺ ഡി ഓർ പോരാട്ടത്തിൽ ഒസ്മാൻ ഡെംബെലെക്ക് പിന്നിൽ രണ്ടാമതായി പോയിന്റ് പട്ടികയിൽ ഇടംനേടാൻ യമാലിന് സാധിച്ചിരുന്നു. ഈ വർഷം ഈ പുരസ്കാരം നേടാനായാൽ ബാലൺ ഡി ഓറിന്റെ 70 വർഷത്തെ നീണ്ട ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയിയായി യമാൽ മാറും. ദേശീയ തലത്തിൽ സ്പെയ്നിനൊപ്പം ലോകകപ്പ് നേടിയതും ക്ലബ്ബ് തലത്തിൽ ബാഴ്സലോണയ്ക്കൊപ്പം നേടിയ കിരീടങ്ങളുമാണ് യമാലിനെ ഈ വർഷത്തെ ബാലൺ ഡി ഓർ ഫേവറിറ്റാക്കി മാറ്റുന്നത്. പരിക്കുകൾ കാരണം പല മത്സരങ്ങളും നഷ്ടമായിട്ടും ബാഴ്സലോണയ്ക്കായി ലാ ലിഗയിൽ 28 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും 11 അസിസ്റ്റുകളും താരം സ്വന്തമാക്കിയിരുന്നു. ഇതിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്കായി പത്ത് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും നാല് അസിസ്റ്റുകളും നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.
അതേസമയം, തന്റെ കരിയറിലെ ആദ്യ ബാലൺ ഡി ഓർ പുരസ്കാരത്തിനായി 27-കാരനായ കിലിയൻ എംബാപ്പെയും രംഗത്തുണ്ട്. ഈ പുരസ്കാരത്തിന് തനിക്കും അർഹതയുണ്ടെന്ന് നേരത്തെ എംബാപ്പെ പറഞ്ഞിരുന്നു. ഈ വർഷം ബാലൺ ഡി ഓർ നേടാൻ തനിക്ക് സാധിക്കുമെന്ന തോന്നലുണ്ടെന്നും അതുകൊണ്ടാണ് ആ ലക്ഷ്യത്തിൽ നിന്ന് താൻ മാറിനിൽക്കാത്തതെന്നും എംബാപ്പെ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയൽ മഡ്രിഡിൽ കളിക്കുമ്പോൾ ആളുകൾ സ്വാഭാവികമായും ഇത്തരം പുരസ്കാരങ്ങളുമായി നമ്മളെ ബന്ധപ്പെടുത്തി സംസാരിക്കുമെന്നും, തെരുവിൽ വെച്ച് കാണുന്ന നിരവധി ആളുകൾ തന്നോട് ബാലൺ ഡി ഓറിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണയും ബാലൺ ഡി ഓർ നേടാൻ വലിയ സാധ്യത കൽപിക്കുന്ന താരങ്ങളിൽ ഒരാളാണ് എംബാപ്പെ. ദേശീയ ടീമിനൊപ്പമോ ക്ലബ്ബിനൊപ്പമോ കാര്യമായ കിരീടങ്ങളൊന്നും നേടാൻ സാധിച്ചില്ലെങ്കിലും ലാ ലിഗയിലും യുവേഫ ചാമ്പ്യൻസ് ലീഗിലും ഫിഫ ക്ലബ്ബ് വേൾഡ് കപ്പിലും പുറത്തെടുത്ത മികച്ച വ്യക്തിഗത പ്രകടനമാണ് എംബാപ്പെയെ ഫേവറിറ്റാക്കുന്നത്. കഴിഞ്ഞ സീസണിൽ എംബാപ്പെ റയൽ മാഡ്രിഡിനായി എല്ലാ മത്സരങ്ങളിൽ നിന്നുമായി 42 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലാ ലിഗയിൽ 25 ഗോളുകളും ചാമ്പ്യൻസ് ലീഗിൽ 15 ഗോളുകളും നേടി രണ്ടിടത്തും ടോപ് സ്കോററായി ഫിനിഷ് ചെയ്യാനും ഈ താരത്തിന് സാധിച്ചു. ഇതിനെല്ലാം പുറമെ, 2026 ഫിഫ ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ നിന്ന് പത്ത് ഗോളും നാല് അസിസ്റ്റുകളും നേടി ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് പുരസ്കാരവും എംബാപ്പെ സ്വന്തമാക്കിയിരുന്നു.