ഇനി രണ്ട് ഫ്രീകിക്കുകൾ കൂടി; ചരിത്ര നേട്ടത്തിനരികിൽ ലയണൽ മെസി
മയാമി: പ്രായത്തെ വെല്ലുന്ന പ്രകടനവുമായി കളിക്കളത്തിൽ വിസ്മയം തീർക്കുകയാണ് അർജന്റീനൻ ഇതിഹാസം ലയണൽ മെസി. അർജന്റീന ദേശീയ ടീമിനൊപ്പമുള്ള തന്റെ വിടവാങ്ങൽ മത്സരങ്ങളിലേക്ക് അടുക്കുമ്പോഴും, ആരാധകർ എന്തുകൊണ്ടാണ് അദ്ദേഹത്തെ ‘ഗോട്ട്’ എന്ന് വിളിക്കുന്നതെന്ന് ഓരോ മത്സരത്തിലൂടെയും മെസി വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി കൊളംബസ് ക്രൂവിനെതിരായ മത്സരത്തിലും മെസി തന്റെ മാന്ത്രിക പാടവം പുറത്തെടുത്തു. ദേശീയ ടീമിനൊപ്പം ചേരുന്നതിനായി നാട്ടിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പ് കളിച്ച ആ മത്സരത്തിൽ തികച്ചും അസാധ്യമായ കോണിൽ നിന്നാണ് താരം ഫ്രീകിക്ക് ഗോളാക്കി മാറ്റിയത്. ഗോൾലൈനിനോട് ചേർന്ന് ലഭിച്ച ആ ഫ്രീകിക്ക് തന്റെ ഇടംകാലുകൊണ്ട് മനോഹരമായി വളച്ചെടുത്ത മെസിക്ക് മുന്നിൽ കൊളംബസ് ക്രൂ ഗോൾകീപ്പർ പാട്രിക് ഷുൾട്ടെയ്ക്ക് യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ഈ മാന്ത്രിക ഗോളോടെ മെസിയുടെ കരിയറിലെ ആകെ ഫ്രീകിക്ക് ഗോളുകളുടെ എണ്ണം 76 ആയി ഉയർന്നു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക്ക് ഗോളുകൾ നേടിയ ബ്രസീൽ ഇതിഹാസം മാർസെലിഞ്ഞോ കരിയോക്കയുടെ 77 ഫ്രീകിക്ക് ഗോളുകൾ എന്ന റെക്കോർഡിന് ഇനി ഒരു ഗോൾ മാത്രം അകലെയാണ് മെസി. സമീപകാല മത്സരങ്ങളിലെല്ലാം അവിശ്വസനീയമായ ഫോമിലാണ് താരം കളിക്കുന്നത്.
സാൻ ഡിയാഗോയ്ക്കെതിരായ 2-2 സമനില മത്സരത്തിലും മോൺട്രിയലിനെതിരായ 7-1 ഗോളുകളുടെ വമ്പൻ വിജയത്തിലും താരം ഫ്രീകിക്കിലൂടെ വലകുലുക്കിയിരുന്നു. കൂടാതെ അർജന്റീനയ്ക്കായി ജോർദാനെതിരെയും, ക്ലബ് തലത്തിൽ ന്യൂയോർക്ക് സിറ്റി, ഒർലാൻഡോ സിറ്റി എന്നിവർക്കെതിരെയുള്ള മത്സരങ്ങളിലും മെസി ഫ്രീകിക്കിലൂടെ ഗോളുകൾ നേടിയിട്ടുണ്ട്. കൊളംബസ് ക്രൂവിനെതിരെയുള്ള ഈ ഗോളോടെ മെസിയുടെ പ്രൊഫഷണൽ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 931 ആയും ഉയർന്നിരിക്കുകയാണ്.