08/09/2026
[fontresizer_tawhidurrahmandear_widget]

ബുക്ക് മൈ ഷോയിൽ മോദിയുടെ പരിപാടി; 1 മണിക്കൂറിനുള്ളിൽ ഹൗസ് ഫുൾ, 42,000 പേർ വെയ്റ്റിങ് ലിസ്റ്റിൽ

 ബുക്ക് മൈ ഷോയിൽ മോദിയുടെ പരിപാടി; 1 മണിക്കൂറിനുള്ളിൽ ഹൗസ് ഫുൾ, 42,000 പേർ വെയ്റ്റിങ് ലിസ്റ്റിൽ

വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വഡോദരയിലെ പൊതുപരിപാടിക്ക് വൻ ജനപ്രതികരണം. ബുക്ക് മൈ ഷോ ആപ്പ് വഴി ഒരുക്കിയ സൗജന്യ രജിസ്ട്രേഷനിൽ ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. ടിക്കറ്റുകൾ തീർന്നതിനെ തുടർന്ന് നിലവിൽ 42,000-ത്തിലധികം ആളുകളാണ് വെയ്റ്റിങ് ലിസ്റ്റിലുള്ളത്. വഡോദരയിലെ മഹാരാജ സായാജിറാവു യൂണിവേഴ്‌സിറ്റി പവലിയനിൽ ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന ‘നമോ ഫോർ വികസിത് ഭാരത്’ പരിപാടിക്കാണ് ആദ്യമായി ഇത്തരമൊരു ഡിജിറ്റൽ പ്രവേശനം ക്രമീകരിച്ചത്. വഡോദര മുൻസിപ്പൽ കോർപ്പറേഷനാണ് ഈ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

രാജ്യത്ത് ആദ്യമായാണ് പ്രധാനമന്ത്രിയുടെ ഒരു പരിപാടിയിലേക്ക് സ്വകാര്യ ടിക്കറ്റിങ് പ്ലാറ്റ്ഫോം വഴി രജിസ്‌ട്രേഷൻ നടപ്പാക്കുന്നത്. ജനങ്ങളിൽ നിന്നുള്ള അതിവേഗ പ്രതികരണത്തെ തുടർന്ന് വളരെ വേഗം രജിസ്‌ട്രേഷൻ അവസാനിപ്പിക്കുകയായിരുന്നു. പൂർണ്ണമായും ഡിജിറ്റൽ എന്‍ട്രി സിസ്റ്റമായിരിക്കും പരിപാടിക്ക് ഉപയോഗിക്കുക. ബുക്ക് മൈ ഷോ വഴി ലഭിക്കുന്ന എം-ടിക്കറ്റിലെ ലൈവ് ക്യു.ആർ കോഡ് സ്‌കാൻ ചെയ്‌താകും സദസ്സിലേക്ക് പ്രവേശനം അനുവദിക്കുക.

ചൊവ്വാഴ്ച നടക്കുന്ന സന്ദർശനത്തിൽ വഡോദരയിൽ 35,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 20,700 കോടി രൂപ ചിലവിൽ നിർമ്മിച്ച വെസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ 326 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് സെക്ഷനുകൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ഉത്തരേന്ത്യയെ മുംബൈയിലെ ജവാഹർലാൽ നെഹ്‌റു പോർട്ടുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നിർണായക റെയിൽ പാതയാണിത്.

ഇതിനുപുറമെ, വഡോദരയെയും ടാണ്ട റോഡിനെയും ബന്ധിപ്പിക്കുന്ന പുതിയ പാസഞ്ചർ ട്രെയിനും ജോബട്-ടാണ്ട റോഡ് പുതിയ റെയിൽ പാതയും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. 9,700 കോടി രൂപയുടെ മൂന്ന് റെയിൽവേ പദ്ധതികൾക്കും 1,780 കോടിയുടെ മൂന്ന് ഹൈവേ പദ്ധതികൾക്കും അദ്ദേഹം തറക്കല്ലിടും. വഡോദര റിങ് റോഡിന്റെ രണ്ടാം ഘട്ടം, കടാന അണക്കെട്ടിലെ 110 മെഗാവാട്ട് ഫ്‌ളോട്ടിങ് സോളാർ പ്രോജക്റ്റ് എന്നിവയുൾപ്പെടെ ഗുജറാത്ത് സർക്കാരിന്റെ 2,600 കോടിയുടെ പദ്ധതികളും പ്രധാനമന്ത്രിയുടെ അജണ്ടയിലുണ്ട്. വഡോദരയിലെ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി മുംബൈയിലേക്ക് തിരിക്കും. അവിടെ വെച്ച് നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026-ഉം അദ്ദേഹം ഉദ്ഘാടനം ചെയ്യും.

Also read: