പാതിരാത്രി എടിഎമ്മിൽ മോഷണശ്രമം; ഷട്ടർ താഴ്ത്തി മോഷ്ടാക്കളെ പൂട്ടിയിട്ട് വനിതാ ബാങ്ക് മാനേജർ, രക്ഷിച്ചത് 16 ലക്ഷം രൂപ
ജയ്പൂർ: രാജസ്ഥാനിലെ നാഗൗർ ജില്ലയിൽ യുക്കോ ബാങ്ക് എടിഎമ്മിൽ അർദ്ധരാത്രി നടന്ന വൻ കവർച്ചാശ്രമം അസാമാന്യ ധൈര്യത്തോടെയും സമയോചിതമായും ഇടപെട്ട് പരാജയപ്പെടുത്തി വനിതാ ബാങ്ക് മാനേജർ. തിങ്കളാഴ്ച പുലർച്ചെ 2.13-ഓടെ നടന്ന സംഭവത്തിൽ, എടിഎം കൗണ്ടറിന്റെ ഷട്ടർ പുറത്തുനിന്ന് താഴ്ത്തി പൂട്ടി മോഷ്ടാക്കളെ ഉള്ളിൽ കുടുക്കിയാണ് ബ്രാഞ്ച് മാനേജരായ സരിത ചൗധരിയും ഭർത്താവും ചേർന്ന് 16 ലക്ഷത്തിലധികം രൂപ സുരക്ഷിതമാക്കിയത്. നിർദ്ദിഷ്ട ബാങ്ക് പണിമുടക്ക് മുന്നിൽക്കണ്ട് എടിഎമ്മിൽ മുൻകൂട്ടി നിക്ഷേപിച്ചിരുന്ന 16,00,900 രൂപയാണ് ഇവരുടെ ധീരമായ ഇടപെടലിലൂടെ നഷ്ടപ്പെടാതെ രക്ഷപ്പെടുത്തിയത്.
പുലർച്ചെ രണ്ട് മണിയോടെ എടിഎമ്മിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബാങ്കിന്റെ ഇ-സർവൈലൻസ് സംവിധാനത്തിൽ അപായ അലാറം മുഴങ്ങി. ഈ മുന്നറിയിപ്പ് സന്ദേശം ലഭിച്ച ബാങ്കിന്റെ അജ്മീർ മേഖലാ സെക്യൂരിറ്റി ഓഫീസർ ഗൗതം നഗർ ഉടൻ തന്നെ ബ്രാഞ്ച് മാനേജരായ സരിത ചൗധരിയെ വിവരമറിയിക്കുകയായിരുന്നു.
ബാങ്കിന് മുകളിലുള്ള ക്വാർട്ടേഴ്സിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന സരിത, സന്ദേശം ലഭിച്ചയുടൻ ഭർത്താവിനെയും കൂട്ടി താഴെയുള്ള എടിഎം കൗണ്ടറിലേക്ക് ഓടിയെത്തി. കൗണ്ടറിനുള്ളിൽ രണ്ട് പേർ മെഷീൻ തകർക്കാൻ ശ്രമിക്കുന്നത് കണ്ട ഇരുവരും ഒരു നിമിഷം പോലും പാഴാക്കാതെ പുറത്തുനിന്ന് ഷട്ടർ വലിച്ചുതാഴ്ത്തി മോഷ്ടാക്കളെ ഉള്ളിൽ പൂട്ടിയിടുകയും തുടർന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം ഷട്ടർ തുറന്ന് പ്രതികളെ കൈയോടെ പിടികൂടി. സമീപത്ത് ചായക്കട നടത്തുന്ന മുണ്ട്വ സ്വദേശി ഭരത് പ്രജാപത്, ഇയാളുടെ കടയിലെ ജീവനക്കാരനും ബിഹാർ സ്വദേശിയുമായ കോമൽ കുമാർ രജ്പുത് എന്നിവരാണ് പിടിയിലായത്. മറ്റൊരാളുടെ മോട്ടോർ സൈക്കിളിൽ എടിഎമ്മിൽ എത്തിയ പ്രതികൾ മെഷീൻ തകർക്കാനുള്ള ഉപകരണങ്ങളുമായാണ് എത്തിയത്.
തിരിച്ചറിയാതിരിക്കാൻ സിസിടിവി ക്യാമറയിൽ ഗ്രീസ് തേച്ചുപിടിപ്പിക്കുകയും അതിന്റെ വയറുകൾ മുറിച്ചുമാറ്റുകയും ചെയ്ത ഇവർ എടിഎമ്മിന്റെ മുകൾഭാഗം തകർത്തുവെങ്കിലും പണം സൂക്ഷിച്ചിരുന്ന ഭാഗം തുറക്കാൻ സാധിച്ചില്ല. കവർച്ചയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളോടൊപ്പം പ്രതികളെ സംഭവസ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ പൂർബാറാം സ്ഥിരീകരിച്ചു. അർദ്ധരാത്രിയിൽ സമചിത്തതയോടെ പ്രവർത്തിച്ച് മോഷ്ടാക്കളെ കുടുക്കിയ വനിതാ മാനേജരുടെ ധൈര്യത്തെ പോലീസും നാട്ടുകാരും അഭിനന്ദിച്ചു.