‘മനുഷ്യർക്കല്ല, തകരാറിലാകുന്ന റോബോട്ടുകൾക്ക് ചികിത്സ’; ലോകത്തെ ആദ്യത്തെ ‘റോബോട്ട് ആംബുലൻസ്’ അവതരിപ്പിച്ച് ജപ്പാൻ
ടോക്യോ: ലോകത്തെ ആദ്യത്തെ ‘റോബോട്ട് ആംബുലൻസ്’ അവതരിപ്പിച്ച് ജപ്പാൻ ചരിത്രമെഴുതുന്നു. എന്നാൽ മനുഷ്യരുടെ ജീവൻ രക്ഷിക്കാനോ അവർക്ക് അടിയന്തര വൈദ്യസഹായം നൽകാനോ ഉള്ളതല്ല ഈ വാഹനം. മറിച്ച്, തകരാറിലാകുന്ന ഹ്യൂമനോയ്ഡ് റോബോട്ടുകൾക്ക് അടിയന്തര റോഡ് സൈഡ് അസിസ്റ്റൻസും വേഗത്തിലുള്ള അറ്റകുറ്റപ്പണികളും ഉറപ്പാക്കുന്നതിനായി പ്രത്യേകം സജ്ജമാക്കിയ ഒരു മൊബൈൽ യൂണിറ്റാണിത്.
ജപ്പാനിലെ പ്രമുഖ ടെക് കമ്പനിയായ ജി.എം.ഓ ഇന്റർനെറ്റ് ഗ്രൂപ്പാണ് ഈ നൂതന ആശയത്തിന് പിന്നിൽ. വൈകാതെ തന്നെ ടോക്യോ നഗരത്തിലെ തെരുവുകളിൽ ഈ ആംബുലൻസുകൾ ഓടിത്തുടങ്ങുമെന്ന് പ്രമുഖ സയൻസ് ആൻഡ് ടെക്നോളജി പോർട്ടലായ ‘ഇന്ററസ്റ്റിങ് എഞ്ചിനീയറിങ്’ റിപ്പോർട്ട് ചെയ്യുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ റോബോട്ടുകളെ നന്നാക്കാൻ ആവശ്യമായ എഞ്ചിനീയർമാർ, റിപ്പയർ ഉപകരണങ്ങൾ, സ്പെയർ പാർട്സുകൾ എന്നിവ ഈ ആംബുലൻസിനുള്ളിൽ എപ്പോഴും സജ്ജമായിരിക്കും.
സാധാരണയായി സങ്കീർണ്ണവും പ്രവചനാതീതവുമായ ചുറ്റുപാടുകളിലൂടെയാണ് ഹ്യൂമനോയ്ഡ് റോബോട്ടുകൾ സഞ്ചരിക്കുന്നതും പ്രവർത്തിക്കുന്നതും. പടികൾ കയറുക, ഭാരമുള്ള സാധനങ്ങൾ ചുമക്കുക, മനുഷ്യർക്കൊപ്പം ജോലി ചെയ്യുക തുടങ്ങി ഏറെ ശ്രമകരമായ ജോലികളാണ് ഇവയ്ക്ക് നൽകുന്നത്. അതുകൊണ്ടുതന്നെ ഒരു ചെറിയ കാൽതെറ്റലോ പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുന്നതോ അവയുടെ കൈകാലുകൾ ഒടിയാനോ സെൻസറുകൾ തകരാറിലാകാനോ കാരണമാകും. ഇതിന് പുറമെ ബാറ്ററി പ്രശ്നങ്ങൾ, ആശയവിനിമയത്തിലെ തടസ്സങ്ങൾ, സോഫ്റ്റ്വെയർ തകരാറുകൾ എന്നിവകൊണ്ടും റോബോട്ടുകൾ പെട്ടെന്ന് നിശ്ചലമായിപ്പോകാൻ സാധ്യതയുണ്ട്. വലിയ ഭാരമുള്ള ഇത്തരം റോബോട്ടുകൾ പ്രവർത്തനരഹിതമാകുമ്പോൾ അവയെ ഒരു സെൻട്രൽ റിപ്പയർ സെന്ററിലേക്ക് വലിച്ചുകൊണ്ടുപോകുക എന്നത് വളരെയധികം സമയമെടുക്കുന്നതും വലിയ ഗതാഗതച്ചെലവ് വരുന്നതുമായ കാര്യമാണ്. റിപ്പയർ ഷോപ്പ് നേരിട്ട് തകരാറിലായ റോബോട്ടിന്റെ അരികിലേക്ക് എത്തിക്കുക എന്ന ആശയത്തിലൂടെ റോബോട്ട് ആംബുലൻസ് ഈ പ്രതിസന്ധിക്കാണ് പരിഹാരം കാണുന്നത്.
നൂതന ഡയഗ്നോസ്റ്റിക് സാങ്കേതികവിദ്യയും മൊബൈൽ എഞ്ചിനീയറിംഗ് ഉപകരണങ്ങളും സംയോജിപ്പിച്ചുകൊണ്ട് യഥാർത്ഥത്തിൽ ഒരു മെഡിക്കൽ റെസ്പോൺസ് ടീം പ്രവർത്തിക്കുന്ന അതേ മാതൃകയിലാണ് ഇതിന്റെ പ്രവർത്തനരീതി. ഒരു റോബോട്ട് തകരാറിലാകുമ്പോൾ ഫീൽഡ് ഓപ്പറേറ്റർമാർ അടിയന്തര ഡിസ്പാച്ച് അഭ്യർത്ഥന ഈ ആംബുലൻസിലേക്ക് അയക്കുന്നു. ഉടൻതന്നെ സ്ഥലത്തെത്തുന്ന ടെക്നീഷ്യന്മാർ വയർലെസ് ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ ഉപയോഗിച്ച് റോബോട്ടിൻ്റെ ആന്തരിക സിസ്റ്റങ്ങൾ അതിവേഗം സ്കാൻ ചെയ്യുകയും, ഹാർഡ്വെയർ തകരാറുകളോ സോഫ്റ്റ്വെയർ ബഗുകളോ ഉണ്ടോയെന്ന് കണ്ടെത്തുകയും ചെയ്യും. ഈ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം, റോബോട്ടിന് സുരക്ഷിതമായി നടക്കാനും പഴയതുപോലെ പ്രവർത്തിക്കാനും കഴിയുമെന്ന് ഉറപ്പാക്കുന്നതിനായി ടെക്നീഷ്യന്മാർ അതിന്റെ ബാലൻസ് ഗൈറോകളും മോഷൻ കൺട്രോളറുകളും വീണ്ടും സിങ്ക് ചെയ്യുന്നു. ഇതിന് ശേഷമേ റോബോട്ടുകളെ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുകയുള്ളൂ.