‘ഹിന്ദുക്കൾ ചെറുപ്പത്തിലേ വിവാഹം കഴിച്ച് അഞ്ച് കുട്ടികൾക്ക് ജന്മം നൽകണം’; ബിജെപി എംപി ഗജേന്ദ്ര സിങ് പട്ടേൽ
ഭോപ്പാൽ: ഹിന്ദു യുവാക്കൾ നേരത്തെ വിവാഹം കഴിക്കണമെന്നും ഓരോ ദമ്പതികളും അഞ്ച് കുട്ടികൾക്ക് വീതം ജന്മം നൽകണമെന്നും ആഹ്വാനം ചെയ്ത് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഖാർഗോൺ-ബർവാനി ലോക്‌സഭാ എംപിയുമായ ഗജേന്ദ്ര സിങ് പട്ടേൽ. നിലവിൽ ജനിക്കുന്ന നാല് കുട്ടികളിൽ ഒരാൾ മാത്രമാണ് ഹിന്ദുവെന്നും ബാക്കി മൂന്ന് പേർ മറ്റ് സമുദായത്തിൽപ്പെട്ടവരാണെന്നും അദ്ദേഹം അവകാശപ്പെട്ടു. മധ്യപ്രദേശിലെ ബർവാനിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് എംപിയുടെ ഈ വിവാദ പരാമർശം.
മുൻതലമുറകളിലെ ആളുകൾ 20-22 വയസ്സിൽ വിവാഹം കഴിക്കുകയും നാലോ അഞ്ചോ അതിലധികമോ കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നതായി പട്ടേൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ന് 30-37 വയസ്സിലാണ് പലരും വിവാഹം കഴിക്കുന്നതെന്നും, ഒരു കുട്ടി മാത്രമാണ് അവർക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് സനാതനികളുടെ ജനനനിരക്ക് 1.9 ആയി കുറയാൻ കാരണമായതെന്നും, അതിനാൽ യുവാക്കൾ നേരത്തെ വിവാഹം കഴിച്ച് അഞ്ച് കുട്ടികൾക്ക് വീതം ജന്മം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1947-നും 1967-നും ഇടയിലുള്ള സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും, സ്വാതന്ത്ര്യത്തിനും 2011-ലെ സെൻസസിനും ശേഷം ഒരു വിഭാഗത്തിന്റെ ജനസംഖ്യ കുറയുമ്പോൾ മറ്റൊരു വിഭാഗത്തിന്റേത് വർധിക്കുകയാണെന്നും പട്ടേൽ കൂട്ടിച്ചേർത്തു.
താനൊരു സനാതനിയായതുകൊണ്ട് ഇത്തരം കാര്യങ്ങൾ തുറന്നുപറയാൻ യാതൊരു ഭയവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കുടുംബങ്ങളുടെ ഐക്യവും ശക്തിയും വർധിപ്പിക്കാൻ യുവാക്കൾ മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു. കൂടാതെ, യുവാക്കൾ വെറുതെ ജിമ്മുകളിൽ പോകുന്നതിന് പകരം പരമ്പരാഗത അഖാഡകളിലും യോഗ അഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇത് ശാരീരികക്ഷമതയോടൊപ്പം ആത്മരക്ഷാ ശേഷിയും വർധിപ്പിക്കുമെന്നും അദ്ദേഹം നിർദേശിച്ചു.