27/10/2026
[fontresizer_tawhidurrahmandear_widget]

‘ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഇടപെട്ടിട്ടില്ല, എല്ലാം ഏകകണ്ഠമായി എടുത്ത തീരുമാനം’; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ

 ‘ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഇടപെട്ടിട്ടില്ല, എല്ലാം ഏകകണ്ഠമായി എടുത്ത തീരുമാനം’; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രിംകോടതിയിൽ

ന്യൂഡൽഹി: വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം ഏകകണ്ഠമായാണ് എടുത്തതെന്ന് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം മൂന്ന് കമ്മീഷണർമാരും ചേർന്ന് കൂട്ടായാണ് എടുത്തതെന്നും, ഇതിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി ഇടപെട്ടിട്ടില്ലെന്നും കമ്മീഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കമ്മീഷനിലെ വ്യക്തിഗത അംഗങ്ങളുടെ അഭിപ്രായങ്ങളെയോ നിരീക്ഷണങ്ങളെയോ കമ്മീഷൻ്റെ അന്തിമ തീരുമാനമായി കാണാനാകില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

വോട്ടർ രജിസ്ട്രേഷൻ പ്രക്രിയയിലോ തീരുമാനങ്ങൾ എടുക്കുന്ന രീതിയിലോ മാറ്റം വരുത്തിയെന്ന ഹർജിക്കാരുടെ ആരോപണങ്ങൾ തീർത്തും തെറ്റിദ്ധാരണാജനകമാണെന്ന് കമ്മീഷൻ വിശദീകരിച്ചു. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും എസ്ഐആർ നടപ്പിലാക്കാൻ ഉത്തരവിട്ടത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് രണ്ട് കമ്മീഷണർമാരും ചേർന്നാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ‘ഫോം 6’ ഭേദഗതി ചെയ്തെന്ന ആരോപണവും കമ്മീഷൻ നിഷേധിച്ചു.

ഫോം 6 ഭേദഗതി ചെയ്യാനുള്ള നിയമപരമായ അധികാരം കേന്ദ്ര സർക്കാരിനാണുള്ളത്. എസ്ഐആർ പ്രക്രിയയുടെ ഭാഗമായി സമർപ്പിക്കേണ്ട ഒരു അധിക പ്രഖ്യാപനത്തിൽ മാത്രമാണ് കമ്മീഷൻ മാറ്റം വരുത്തിയത്. മുൻകാല വോട്ടർ പട്ടികകളിൽ അപേക്ഷകൻ്റെയോ മാതാപിതാക്കളുടെയോ മുത്തശ്ശീ-മുത്തശ്ശന്മാരുടെയോ പേരുകൾ കണ്ടെത്തി അപേക്ഷയുമായി ബന്ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ ഓൺലൈൻ പോർട്ടലിൽ ഈ പ്രഖ്യാപനവും ഫോം 6-ഉം ഒരുമിച്ച് പ്രദർശിപ്പിച്ച രീതി, ഫോം 6 ഭേദഗതി ചെയ്തെന്ന തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടാകാമെന്ന് കമ്മീഷൻ സമ്മതിച്ചു.

കമ്മീഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും സീനിയർ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ഗാർഗിനെതിരെ ക്യാബിനറ്റ് സെക്രട്ടറിക്ക് കത്ത് നൽകിയെന്ന മാധ്യമ റിപ്പോർട്ടുകൾ കമ്മീഷൻ ശരിവെച്ചു. രണ്ട് കമ്മീഷണർമാരുടെയും സംയുക്ത നിർദ്ദേശത്തെ തുടർന്ന് ഈ ഉത്തരവ് പിന്നീട് നടപ്പാക്കിയില്ലെന്നും വിശദീകരണത്തിൽ പറയുന്നു. ഇസിഐ നെറ്റ് സംവിധാനവുമായി ബന്ധപ്പെട്ട ആശങ്കൾക്കും കമ്മീഷൻ മറുപടി നൽകി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ കൃത്യമായ ഉത്തരവില്ലാതെ വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് ചേർക്കാനോ നീക്കം ചെയ്യാനോ സാധിക്കില്ല. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഐഐടികളിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെയും സാങ്കേതിക വിദഗ്ധർ ഉൾപ്പെട്ട ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷൻ സുപ്രീം കോടതിയെ അറിയിച്ചു.

Also read: