28/10/2026
[fontresizer_tawhidurrahmandear_widget]

‘ജയ് ശ്രീറാം വിളിക്കുന്ന കടക്കാരിൽ നിന്നും മാത്രം ദീപാവലി സാധനങ്ങൾ വാങ്ങുക’; ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ

 ‘ജയ് ശ്രീറാം വിളിക്കുന്ന കടക്കാരിൽ നിന്നും മാത്രം ദീപാവലി സാധനങ്ങൾ വാങ്ങുക’; ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ

മുംബൈ: നെറ്റിയിൽ തിലകം ചാർത്തുകയും, ‘ജയ് ശ്രീറാം’ എന്ന് വിളിക്കുകയും, ഹൈന്ദവ പ്രാർത്ഥനകൾ അറിയുകയും ചെയ്യുന്ന കടക്കാരിൽ നിന്നും മാത്രം ഹിന്ദുക്കൾ ദീപാവലി സാധനങ്ങളും പടക്കങ്ങളും വാങ്ങണമെന്ന് മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ നിതേഷ് റാണെ ആഹ്വാനം ചെയ്തു. മുംബൈയിൽ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്സിനോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ വിവാദ പരാമർശം.

ദീപാവലിയോടനുബന്ധിച്ച് സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ഹിന്ദു മതപരമായ ആചാരങ്ങൾ പിന്തുടരുന്ന കച്ചവടക്കാർക്ക് മാത്രം ഹിന്ദുക്കൾ മുൻഗണന നൽകണം. ഹനുമാൻ ചാലിസയോ മഹാ ആരതിയോ ചൊല്ലാൻ അറിയാവുന്ന, നെറ്റിയിൽ തിലകമണിഞ്ഞ കടക്കാരിൽ നിന്നും വേണം സാധനങ്ങൾ വാങ്ങാനെന്ന് റാണെ വ്യക്തമാക്കി. ഇതിന് പുറമെ കർഷകർക്കായി ദീപാവലിയോടനുബന്ധിച്ച് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച 5,000 രൂപയുടെ ധനസഹായ പദ്ധതിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. മുൻ സർക്കാരുകളൊന്നും ഇത്തരത്തിലുള്ള സഹായം കർഷകർക്ക് നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, നിതേഷ് റാണെയുടെ ഈ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാക്കൾ ശക്തമായ വിമർശനവുമായി രംഗത്തെത്തി. റാണെയുടെ വാക്കുകൾ മതസമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും വർഗീയ വിദ്വേഷം വളർത്താനുമുള്ള ശ്രമമാണെന്ന് അവർ ആരോപിച്ചു. സ്ഥാനമാനങ്ങൾ മോഹിച്ച് പാർട്ടി മാറിയ ചില രാഷ്ട്രീയക്കാരാണ് ഇത്തരം വർഗീയ വിദ്വേഷങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് രാഷ്ട്രീയ ജനതാദൾ എംഎൽഎ ഭായ് വീരേന്ദ്ര കുറ്റപ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും സിഖുകാരും ഒന്നിച്ച് പോരാടിയതാണെന്നും, ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും അല്ലാതെ ഒരു ഹിന്ദു രാഷ്ട്രമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതിനാൽ റാണെ തന്റെ പരാമർശങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു മന്ത്രിയെന്ന നിലയിൽ റാണെ ഭരണഘടനയെക്കുറിച്ചും അദ്ദേഹം എടുത്ത സത്യപ്രതിജ്ഞയെക്കുറിച്ചും ബോധവാനായിരിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ പറഞ്ഞു. മതവിഭാഗങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് റാണെ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കാൻ മന്ത്രിക്ക് യാതൊരു അധികാരവുമില്ലെന്ന് മുൻ കോൺഗ്രസ് എം.പി ഹുസൈൻ ദൽവായി പ്രതികരിച്ചു. സാധനങ്ങൾ വാങ്ങുമ്പോൾ കടക്കാരന്റെ മതമല്ല, മറിച്ച് സാധനങ്ങളുടെ ഗുണനിലവാരവും വിലയുമാണ് ഉപഭോക്താക്കൾ പരിഗണിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്സവ സീസണുകളിൽ ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള കടകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങാൻ നിതേഷ് റാണെ നേരത്തെയും ആഹ്വാനം ചെയ്തതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നാസിക് കുംഭമേളയിൽ മുസ്ലീം കച്ചവടക്കാരെ പങ്കെടുപ്പിക്കുന്നതിനെയും അദ്ദേഹം എതിർത്തിരുന്നതായി വാർത്തകളുണ്ട്. മുസ്ലീം കച്ചവടക്കാരിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ നൽകുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കപ്പെടാമെന്നും, അതിനാൽ ഹിന്ദുക്കൾ സ്വന്തം സമുദായത്തിലുള്ളവരുമായി മാത്രം ഇടപാടുകൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഈ വിവാദ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനം ഉയരുന്നത്.

Also read: