സമാധാനപരമായി പ്രതിഷേധിച്ചവരെകൊണ്ട് പീസ് ബോണ്ട് ഒപ്പിടിയിപ്പിക്കുന്നത് അവരെ വീണ്ടും ജയിലിലടക്കാൻ; അടിച്ചമർത്തിയാൽ ലക്ഷങ്ങളല്ല, കോടിക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങാൻ പോകുന്നത്’; പ്രകാശ് രാജ്
പ്രകാശ് രാജ്
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥി-യുവജന നേതാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയിൽ കേന്ദ്ര സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രകാശ് രാജ്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കുന്നതിന് മുൻപായി പൊലീസ് നിർബന്ധപൂർവ്വം പീസ് ബോണ്ട് ഒപ്പിടുവിച്ചതിനെ അദ്ദേഹം ശക്തമായി അപലപിച്ചു.
രാജ്യത്ത് വോട്ടുമോഷണമാണ് നടക്കുന്നതെന്നും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഉടൻ പുറത്താക്കണമെന്നും എസ്ഐആർ നടപടികൾ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.”ഹൈക്കോടതിയോടാണ്, നിങ്ങളുടെ പ്രായമെന്താണ്? നിങ്ങൾ എന്തിനാണ് പ്രതിഷേധക്കാരോട് ഇത്രയും അപക്വമായി, കുട്ടികളെപ്പോലെ പെരുമാറുന്നത്? കുറച്ചെങ്കിലും പക്വത കാണിക്കൂ” അദ്ദേഹം വിമർശിച്ചു.
നേതാക്കളായ സൗരഭ്, അശുതോഷ്, നേഹ ബോറ, ദീപ്കെ തുടങ്ങിയവരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വീഡിയോയിലാണ് പ്രകാശ് രാജ് സർക്കാരിനെതിരെ ആഞ്ഞടിച്ചത്. വിട്ടയക്കുമെന്ന് ഉറപ്പുള്ളവരെ എന്തിനാണ് കസ്റ്റഡിയിൽ വെക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. “ജെയിംസ് ബോണ്ട് എന്നൊക്കെ കേട്ടിട്ടുണ്ട്, അതെന്താണ് ഈ പീസ് ബോണ്ട് എന്ന പുതിയ നാടകം?” എന്ന് അദ്ദേഹം സർക്കാരിനെ പരിഹസിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്ന കുട്ടികളെക്കൊണ്ട് എന്തിനാണ് കസ്റ്റഡിക്ക് ശേഷം ഇത്തരം ബോണ്ടുകളിൽ ഒപ്പുവെപ്പിക്കുന്നതെന്ന് ചോദിച്ച അദ്ദേഹം, വീണ്ടും പ്രതിഷേധിച്ചാൽ അവർക്കെതിരെ കേസെടുക്കാനാണ് ഈ നീക്കമെന്നും വിമർശിച്ചു. ഇവിടെ നടപടിക്രമങ്ങൾ തന്നെയാണ് ശിക്ഷയായി മാറുന്നതെന്നും, അധികാരികൾ കുട്ടികളെപ്പോലെയാണ് പ്രതിഷേധക്കാരോട് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാരിന്റെ ഈ അനീതിയും അടിച്ചമർത്തലും കസ്റ്റഡിയിലേറ്റ പീഡനങ്ങളും യുവാക്കൾ ഒരിക്കലും മറക്കില്ലെന്ന് പ്രകാശ് രാജ് മുന്നറിയിപ്പ് നൽകി. കർഷകരും സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും രാജ്യത്തുടനീളം വലിയ പ്രതിഷേധങ്ങൾക്ക് തയ്യാറെടുക്കുകയാണെന്നും, നാളെയോ മറ്റന്നാളോ ആയി കേരളം, തമിഴ്നാട്, കർണാടക തുടങ്ങി എല്ലായിടത്തും പ്രതിഷേധങ്ങൾ ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരങ്ങളോ ലക്ഷങ്ങളോ അല്ല, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനൊപ്പം കോടിക്കണക്കിന് ആളുകളാകും വോട്ടുമോഷണത്തിനെതിരെ ഇനി തെരുവിലിറങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ജനകീയ പ്രതിഷേധങ്ങളെ ഫ്രാൻസിലോ ബംഗ്ലാദേശിലോ നടന്നതുപോലെയുള്ള ഒരു ‘ഭരണ അട്ടിമറി’ ശ്രമമായി ചിത്രീകരിക്കാൻ എൻ.ഐ.എയും സർക്കാരും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിൽ അത്തരമൊരു സംഭവമില്ലെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം അനാവശ്യ കാര്യങ്ങൾ സൃഷ്ടിക്കുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരികൾ പ്രായത്തിനൊത്ത പക്വത കാണിക്കണമെന്ന് ഓർമ്മിപ്പിച്ച പ്രകാശ് രാജ്, “ഗെയിം ഓൺ” എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പ്രതികരണം അവസാനിപ്പിക്കുന്നത്.