ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്; ഭാര്യാപിതാവിന്റെ മൊഴി രേഖപ്പെടുത്തി എക്സൈസ്, കുറ്റപത്രം ഉടൻ
കോഴിക്കോട്: ആന്റോ അഗസ്റ്റിനെതിരായ അബ്കാരി കേസിൽ അന്വേഷണം ഊർജ്ജിതമാക്കി എക്സൈസ്. കേസുമായി ബന്ധപ്പെട്ട് ആന്റോ അഗസ്റ്റിന്റെ ഭാര്യാപിതാവും എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ലില്ലിയുടെ ഭർത്താവുമായ കാടയിൽതട്ടിൽ ജോസിന്റെ മൊഴി എക്സൈസ് രേഖപ്പെടുത്തി. മീനങ്ങാടി എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി നടത്തിയ മൊഴിയെടുക്കൽ ഏകദേശം മുക്കാൽ മണിക്കൂറോളം നീണ്ടുനിന്നു.
അനധികൃത മദ്യശേഖരം പിടിച്ചെടുത്ത വാഴവറ്റയിലെ മൂങ്ങനാനിയിലുള്ള വീട് തന്റെ പേരിലുള്ളതല്ലെന്നും, ഭാര്യാമാതാവ് ലില്ലി ജോസ് ലേലത്തിൽ പിടിച്ചെടുത്തതാണെന്നുമായിരുന്നു ആന്റോ അഗസ്റ്റിൻ നേരത്തെ വാദിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നേരത്തെ ലില്ലിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വീട് താൻ ലേലത്തിൽ പിടിച്ചതാണെന്നും എന്നാൽ രജിസ്ട്രേഷൻ നടപടികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നുമായിരുന്നു ലില്ലി മൊഴി നൽകിയത്.
ലില്ലിയുടെ മൊഴിക്ക് പിന്നാലെയാണ് ഭർത്താവ് ജോസിനെയും വിളിച്ചുവരുത്തി എക്സൈസ് വിവരങ്ങൾ ശേഖരിച്ചത്. മദ്യം പിടികൂടിയ വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വ്യക്തത വരുത്തുന്നതിനായുള്ള കാര്യങ്ങളാണ് ജോസിൽ നിന്നും പ്രധാനമായും ചോദിച്ചറിഞ്ഞത്. കേസിൽ നടപടികൾ വേഗത്തിലാക്കിയ എക്സൈസ്, വൈകാതെ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.