ഗ്രേറ്റ് നിക്കോബാർ പദ്ധതി ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിയും പരിസ്ഥിതി കൊള്ളയും: കേന്ദ്ര സർക്കാറിനെതിരെ രാഹുൽ ഗാന്ധി
ന്യൂ ഡൽഹി: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന ഗ്രേറ്റ് നിക്കോബാർ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിനെതിരെ കടുത്ത വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്രേറ്റ് നിക്കോബാർ പദ്ധതി ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാകാൻ സാധ്യതയുണ്ടെന്നും രാജ്യത്തിന്റെ പാരിസ്ഥിതിക സ്വത്തുകളുടെ വൻതോതിലുള്ള കൊള്ളയാണിതെന്നും അദ്ദേഹം ആരോപിച്ചു.
നിക്കോബാർ ദ്വീപിൽ സന്ദർശിച്ച് അവിടെ വെച്ചു തന്നെ പകർത്തിയ വീഡിയോയിലൂടെയാണ് രാഹുൽ ഗാന്ധി വിമർശനങ്ങൾ ഉന്നയിച്ചത്.”ഇന്ന് ഞാൻ ഗ്രേറ്റ് നിക്കോബറിലുടനീളം സഞ്ചരിച്ചു. എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അസാധാരണമായ വനങ്ങളാണിവ. ഓർമ്മകൾക്കും അപ്പുറം പഴക്കമുള്ള മരങ്ങൾ, തലമുറകൾ കൊണ്ട് വളർന്നു പന്തലിച്ച കാടുകൾ; ഇവയെല്ലാം നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല,” അദ്ദേഹം പറഞ്ഞു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മേഖലയിൽ വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് പ്രകൃതി ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതീവ പരിസ്ഥിതി ലോലമായ നിക്കോബാർ ദ്വീപസമൂഹങ്ങളിലെ വനങ്ങളും പവിഴപ്പുറ്റുകളും നശിപ്പിക്കുന്നത് വരുംതലമുറകളോട് ചെയ്യുന്ന ക്രൂരതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതാനും കോർപ്പറേറ്റ് സുഹൃത്തുക്കളെ സഹായിക്കാനാണ് സർക്കാർ ഇത്ര വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദ്വീപിന്റെ ജൈവവൈവിധ്യത്തെയും അവിടെയുള്ള തദ്ദേശീയരായ ആദിവാസി വിഭാഗങ്ങളെയും ഈ പദ്ധതി ഗുരുതരമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവർത്തകരുടെ ആശങ്കകളെ രാഹുൽ ശരിവെച്ചു. ലക്ഷക്കണക്കിന് മരങ്ങൾ മുറിച്ചുമാറ്റുന്നതും സമുദ്ര ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതും ഇന്ത്യയുടെ പ്രകൃതിസമ്പത്തിനെ തകർക്കുന്നതിന് തുല്യമാണ്.
സുതാര്യതയില്ലാത്ത ഇത്തരം നീക്കങ്ങൾ വഴി രാജ്യത്തിന്റെ വിലപിടിപ്പുള്ള പ്രകൃതിവിഭവങ്ങൾ സ്വകാര്യ വ്യക്തികൾക്ക് അടിയറവ് വെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയെ സംരക്ഷിക്കേണ്ട ബാധ്യതയിൽ നിന്ന് സർക്കാർ പിന്നോട്ട് പോകുകയാണെന്നും ഈ പാരിസ്ഥിതിക മോഷണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു. ഗ്രേറ്റ് നിക്കോബാർ പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിട്ടുള്ള ക്രമക്കേടുകൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.