11/06/2026
[fontresizer_tawhidurrahmandear_widget]

​ഗോദ്രയിലെ 100 ശതമാനം മുസ്ലിം വോട്ടർമാർ മാത്രമുള്ള വാർഡിൽ ചരിത്ര വിജയം നേടി ഹിന്ദു സ്വതന്ത്ര സ്ഥാനാർത്ഥി

 ​ഗോദ്രയിലെ 100 ശതമാനം മുസ്ലിം വോട്ടർമാർ മാത്രമുള്ള വാർഡിൽ ചരിത്ര വിജയം നേടി ഹിന്ദു സ്വതന്ത്ര സ്ഥാനാർത്ഥി

ഗോദ്ര: ഗുജറാത്തിലെ ഗോദ്ര നഗരസഭാ തെരഞ്ഞെടുപ്പിൽ 100 ശതമാനവും മുസ്ലിം വോട്ടർമാരുള്ള വാർഡിൽ നിന്ന് അട്ടിമറി വിജയം നേടി ഹിന്ദു സ്വതന്ത്ര സ്ഥാനാർത്ഥി. ഗോദ്ര നഗരസഭയിലെ വാർഡ് നമ്പർ 7ൽ നിന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥി അപേക്ഷാബെൻ നൈനേഷ്ഭായ് സോണി ചരിത്ര വിജയം നേടിയത്. ഈ വാർഡിലെ വോട്ടർമാരെല്ലാം തന്നെ മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണ് എന്ന പ്രത്യേകത വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

വർഗീയ ധ്രുവീകരണത്തിന്റേയും സംഘർഷങ്ങളുടേയും പേരിൽ പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുള്ള ഗോദ്രയിൽ, ജനങ്ങൾ മതവിശ്വാസത്തിന് അപ്പുറം സ്ഥാനാർത്ഥിയുടെ വ്യക്തിത്വത്തിനും വികസന കാഴ്ചപ്പാടിനും മുൻഗണന നൽകി എന്നതിന്റെ തെളിവായി ഈ ഫലം വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്ക് തന്ത്രങ്ങൾക്കും വർഗീയ വികാരങ്ങൾക്കും മുകളിൽ ജനകീയയായ ഒരു സ്ഥാനാർത്ഥിക്ക് എങ്ങനെ വിജയിക്കാം എന്നതിന്റെ ഉദാഹരണമാണ് ഈ വാർഡിലെ തെരഞ്ഞെടുപ്പ് ഫലം. തന്നെ തെരഞ്ഞെടുത്ത ജനങ്ങൾക്ക് വേണ്ടി വിവേചനമില്ലാതെ പ്രവർത്തിക്കുമെന്നും വാർഡിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകുമെന്നും വിജയത്തിന് ശേഷം അപേക്ഷാബെൻ പ്രതികരിച്ചു.

മുസ്ലിം വോട്ടർമാർ മാത്രമുള്ള ഇടത്തുനിന്നും ഒരു ഹിന്ദു വനിതാ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതിലൂടെ ഗോദ്രയിലെ ജനങ്ങൾ നൽകുന്നത് വലിയൊരു മാറ്റത്തിന്റെ സന്ദേശമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ വൻ പിന്തുണയോടെയാണ് ഇവർ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. മതപരമായ അതിർവരമ്പുകൾ ലംഘിച്ച് വോട്ട് ചെയ്ത ഗോദ്രയിലെ വോട്ടർമാരെയും അപേക്ഷാബെന്നിനെയും അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിജയമായി ഇതോടെ അപേക്ഷാബെൻ നൈനേഷ്ഭായ് സോണിയുടേത് മാറി.

Also read: