‘ലവ് ജിഹാദ് വെറും പ്രൊപഗണ്ട, ഞാനടക്കമുള്ള ഹിന്ദു സമൂഹം തെറ്റിദ്ധരിക്കപ്പെട്ടു’; പഴയ പ്രസ്താവന തിരുത്തി രാഹുൽ ഈശ്വർ
മലപ്പുറം: രാജ്യത്ത് ലവ് ജിഹാദും നിർബന്ധിത മതപരിവർത്തനവും നടക്കുന്നുണ്ടെന്ന തന്റെ പഴയ നിലപാട് തിരുത്തി രാഹുൽ ഈശ്വർ. ലവ് ജിഹാദ് എന്നത് ഒരു വിഭാഗത്തെ ശത്രുക്കളായി ചിത്രീകരിക്കാൻ കെട്ടിയുണ്ടാക്കിയ വെറും പ്രൊപഗണ്ട മാത്രമാണെന്നും ഇതിൽ താനടക്കമുള്ള ഹിന്ദു സമൂഹം തെറ്റിദ്ധരിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് യൂണിയൻ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് സിഎൻഎൻ, ന്യൂസ് 18 ചാനലിൽ നടന്ന ചർച്ചയിൽ, കേരളത്തിൽ നാലായിരത്തോളം പെൺകുട്ടികൾ ലവ് ജിഹാദിന് ഇരയായെന്നും മതപരിവർത്തനത്തിനായി സൗദി അറേബ്യയിൽ നിന്നും സ്കോളർഷിപ്പിന്റെ മറവിൽ പണം വരുന്നുണ്ടെന്നും രാഹുൽ ഈശ്വർ ആരോപിച്ചിരുന്നു. ഈ പരാമർശത്തെക്കുറിച്ച് ഒരു വിദ്യാർത്ഥി ഉയർത്തിയ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്.
“അന്ന് ഡിജിപി ജേക്കബ് പുന്നൂസ് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിച്ചത്. അഥവാ ഇത് ശരിയല്ല എന്നുണ്ടെങ്കിൽ ആ കാര്യം ഗവൺമെന്റ് തുറന്നു പറയാൻ തയ്യാറാകണം എന്നും ഞാൻ പറഞ്ഞിരുന്നു. ആ നറേറ്റീവ് വന്നപ്പോൾ അതിൽ സത്യമുണ്ടെന്ന് ഞാനടക്കമുള്ളവർ തെറ്റിദ്ധരിച്ചു. എന്നാൽ ഇന്ന് കാണുന്ന ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, മന്തി ജിഹാദ് തുടങ്ങിയവയെല്ലാം ഒരു സമൂഹത്തെ ശത്രുക്കളായി കാണാൻ വേണ്ടി മനഃപൂർവ്വം നിർമ്മിച്ചെടുക്കുന്നതാണ്,” രാഹുൽ ഈശ്വർ വിശദീകരിച്ചു.
‘ദി കേരള സ്റ്റോറി’ പോലുള്ള സിനിമകളിൽ പറയുന്ന 32,000 പേരുടെ മതപരിവർത്തനം എന്നത് വസ്തുതാവിരുദ്ധമായ വെറും കഥയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രൊപഗണ്ടകൾ ഹിറ്റ്‌ലറെയും ഗീബൽസിനെയും പോലും നാണിപ്പിക്കുന്നതാണെന്ന് പിന്നീട് ബോധ്യപ്പെട്ടുവെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. നേരത്തെ സജീവമായി ഉയർത്തിയിരുന്ന പല വിദ്വേഷ പ്രചാരണങ്ങളും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കൃത്രിമ കഥകളാണെന്ന തിരിച്ചറിവിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.