ജനറൽ സീറ്റുകളിലും ദലിത് സ്ഥാനാർഥികളെ നിർത്തി വിജയിപ്പിച്ചു; 28 എം.എൽ.എമാർ ദലിതർ; ചരിത്രമെഴുതി വിജയ് യുടെ ടി.വി.കെ
ചെന്നൈ: ഇന്ത്യൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അലിഖിത നിയമങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ദലിത് വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണ മണ്ഡലങ്ങളിൽ മാത്രം സീറ്റ് നൽകുന്ന രീതിക്ക് വിരുദ്ധമായി, ജനറൽ സീറ്റുകളിൽ ദലിത് സ്ഥാനാർഥികളെ മത്സരിപ്പിക്കുകയും വൻ വിജയം നേടുകയും ചെയ്തതാണ് ടിവികെയുടെ ഈ ചരിത്ര നേട്ടം. പുതിയ നിയമസഭയിൽ ടിവികെയുടെ 28 എംഎൽഎമാരാണ് ദലിത് വിഭാഗത്തിൽ നിന്നുള്ളവർ.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ദലിത് വിഭാഗങ്ങൾക്ക് സംവരണ മണ്ഡലങ്ങൾക്കപ്പുറത്തേക്ക് സീറ്റ് നൽകാത്ത കീഴ്വഴക്കത്തെയാണ് വിജയ് ഇത്തവണ തകർത്തത്. ജനറൽ സീറ്റുകളിൽ ദലിത് സ്ഥാനാർഥികളെ മത്സരിപ്പിച്ച ടിവികെയുടെ നടപടി വലിയ സ്വീകാര്യതയാണ് നേടിയത്. ദലിത് സമൂഹത്തിൽ നിന്നുള്ള ഈ 28 എംഎൽഎമാരുടെ വിജയം രാഷ്ട്രീയ നിരീക്ഷകർ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത്.
സി. ജോസഫ് വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റത്തിന് ചുക്കാൻ പിടിച്ചത് കരുത്തുറ്റ ഒരു കോർ ടീമാണ്. എൻ. ആനന്ദ്, ആദവ് അർജുന, കെ.എ. സെൻകോട്ടയൻ, അരുൺ രാജ്, സി.ടി.ആർ നിർമൽ കുമാർ, രാഷ്ട്രീയ തന്ത്രജ്ഞൻ ജോൺ ആരോഗ്യസാമി എന്നിവരടങ്ങുന്ന ഈ സംഘമാണ് പ്രചാരണത്തിന്റെ നിയമപരവും സംഘടനാപരവുമായ പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. സ്ഥാനാർഥി നിർണ്ണയം, പ്രചാരണ അനുമതിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ തുടങ്ങിയ പ്രതിസന്ധികളെ അതിജീവിച്ച് പാർട്ടിയെ വിജയത്തിലെത്തിക്കുന്നതിൽ ഇവർ നിർണ്ണായക പങ്കുവഹിച്ചു.
ഡിഎംകെയെ തന്റെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച വിജയ്, ഈ തെരഞ്ഞെടുപ്പിനെ എം.കെ. സ്റ്റാലിനും താനും തമ്മിലുള്ള പോരാട്ടമായാണ് ചിത്രീകരിച്ചത്. ഉദയനിധി സ്റ്റാലിനെയോ എടപ്പാടി പളനിസ്വാമിയെയോ വ്യക്തിപരമായി അധിക്ഷേപിക്കാതെ ഭരണവിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പരമ്പരാഗത ആരാധകർക്കപ്പുറം ന്യൂനപക്ഷങ്ങൾ, ദലിതുകൾ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ പിന്തുണ ഉറപ്പാക്കാൻ വിജയിക്ക് സാധിച്ചു. കൂടാതെ, ജയലളിതയുടെ കാലശേഷം ഡിഎംകെയ്ക്കൊപ്പം നിന്നിരുന്ന സ്ത്രീ വോട്ടർമാരെയും വലിയതോതിൽ ടിവികെ പാളയത്തിലെത്തിച്ചു. തമിഴ്‌നാട് തൂക്കുസഭയിലേക്ക് നീങ്ങിയേക്കാമെന്ന വിലയിരുത്തലുകൾക്കിടെ തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ ടിവികെ തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.