“സ്റ്റാലിനു പകരം ബിജെപി നേതാവായിരുന്നുവെങ്കിൽ വിജയ്‌യുടെ പാർട്ടിയെയും എംഎൽഎമാരെയും വിലക്കെടുക്കാൻ നോക്കിയേനെ”; എം.കെ. സ്റ്റാലിനെ പുകഴ്ത്തി തേജസ്വി യാദവ്
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ നാടകീയ നീക്കങ്ങൾക്കിടയിൽ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ പ്രശംസിച്ചും ബിജെപിയെ രൂക്ഷമായി വിമർശിച്ചും ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്ത്. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ പട്ടികയെടുത്താൽ അതിൽ എം.കെ. സ്റ്റാലിന്റെ പേര് മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. സ്വന്തം പാർട്ടിക്ക് ഭരണം നഷ്ടപ്പെട്ടിട്ടും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേൽക്കാൻ സ്റ്റാലിൻ കാണിച്ച മനസ്സിനെ അദ്ദേഹം എടുത്തുപറഞ്ഞു.
തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്ക് മുഖ്യമന്ത്രിയാകാൻ ആവശ്യമായ കേവലഭൂരിപക്ഷം ഉറപ്പാക്കുന്നതിൽ സ്റ്റാലിന്റെ ഇടപെടൽ നിർണ്ണായകമായിരുന്നു. ഭൂരിപക്ഷത്തിന് രണ്ട് അംഗങ്ങളുടെ കുറവുണ്ടായിരുന്ന വിജയ്ക്ക് വേണ്ടി രണ്ട് എംഎൽഎമാരെ പിന്തുണയ്ക്കാൻ പ്രേരിപ്പിച്ചത് സ്റ്റാലിനാണെന്ന് തേജസ്വി ചൂണ്ടിക്കാട്ടി. ഇതോടെ വിജയ് മുഖ്യമന്ത്രിയാകാനുള്ള വഴി തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. സ്റ്റാലിന്റെ ഈ നീക്കം രാഷ്ട്രീയത്തിൽ എപ്പോഴും കുതികാൽവെട്ടുകളും ചതികളും മാത്രമല്ല വേണ്ടതെന്ന് തെളിയിക്കുന്നതാണെന്നും എല്ലാ പാർട്ടികളും ഇതിൽ നിന്ന് പാഠം പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപിക്കെതിരെ കടുത്ത ഭാഷയിലുള്ള പരിഹാസവും തേജസ്വി ഉന്നയിച്ചു. സ്റ്റാലിന്റെ സ്ഥാനത്ത് ഒരു ബിജെപി നേതാവായിരുന്നുവെങ്കിൽ ഇപ്പോൾ വിജയ്‌യുടെ പാർട്ടിയെ പിളർത്താനും അവിടത്തെ നേതാക്കളെ വിലയ്ക്കെടുക്കാനുമാകും ശ്രമിക്കുകയെന്ന് അദ്ദേഹം വിമർശിച്ചു.