ചിക്കൻ കറി ദേഹത്ത് വീണതിനെ ചൊല്ലി സംഘർഷം; യുപിയിൽ വിവാഹ ആഘോഷത്തിനിടെ ഒരാൾ മരിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിൽ വിവാഹ ആഘോഷത്തിനിടെയുണ്ടായ നിസ്സാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. അതിഥിയുടെ ദേഹത്ത് ചിക്കൻ കറി വീണതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ലഖ്‌നൗവിലെ ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിച്ചിയ ഗ്രാമത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആഘോഷത്തിന്റെ ഭാഗമായി അതിഥികൾ ഡാൻസ് ചെയ്യുന്നതിനിടെ, ഭക്ഷണം വിളമ്പുകയായിരുന്ന ആളിന്റെ കൈയിൽ നിന്നും അബദ്ധത്തിൽ ചിക്കൻ കറി ഒരാളുടെ ദേഹത്ത് വീഴുകയായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പെട്ടെന്ന് തന്നെ വലിയ സംഘർഷമായി മാറി.
വടികളും ബെൽറ്റുകളും ഇഷ്ടികകളും ഉപയോഗിച്ചാണ് ഇരുവിഭാഗം അതിഥികൾ പരസ്പരം ഏറ്റുമുട്ടിയതെന്ന് നോർത്ത് എസ്.പി ഗ്യാനേന്ദ്ര കുമാർ അറിയിച്ചു. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ മറ്റ് ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.