ആരംഭിക്കലാമാ! സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപത്തെ മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ട് വിജയ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കിത്തുടങ്ങി മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബസ് സ്റ്റാൻഡുകൾക്കും സമീപം പ്രവർത്തിക്കുന്ന 717 മദ്യശാലകൾ ഉടനടി അടച്ചുപൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. ക്ഷേത്രങ്ങൾ, പള്ളികൾ, ചർച്ചുകൾ, സ്കൂളുകൾ, കോളജുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന മദ്യശാലകൾക്കാണ് ഈ ഉത്തരവ് ബാധകം.
തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന മദ്യശാലകളിൽ 717 എണ്ണമാണ് ഈ ഘട്ടത്തിൽ പൂട്ടുന്നത്. ഇതിൽ 276 എണ്ണം ആരാധനാലയങ്ങളുടെ പരിസരത്തും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും 255 എണ്ണം തിരക്കേറിയ ബസ് സ്റ്റാൻഡുകൾക്ക് അടുത്തും പ്രവർത്തിക്കുന്നവയാണ്. രണ്ടാഴ്‌ചയ്ക്കകം ഈ മദ്യശാലകൾ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് സർക്കാർ കർശന നിർദ്ദേശം നൽകി. നിലവിൽ 4,765 മദ്യശാലകളാണ് തമിഴ്‌നാട്ടിലുള്ളത്.
പൊതുയിടങ്ങളിലെ മദ്യപാനവും ഇതുമൂലമുണ്ടാകുന്ന അതിക്രമങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർക്കാരിന്റെ ഈ നീക്കം. വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നത് തടയാൻ ഈ തീരുമാനം വലിയ രീതിയിൽ സഹായകമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴക വെട്രി കഴകം അധ്യക്ഷനായ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസ്, ഇടതുപക്ഷം, വിസികെ, മുസ്ലിം ലീഗ് എന്നീ പാർട്ടികളുടെ പിന്തുണയോടെ രൂപീകരിച്ച വിജയ് സർക്കാരിന്റെ ഈ ആദ്യ നടപടി വലിയ ജനപിന്തുണയാണ് നേടുന്നത്.