10/06/2026
[fontresizer_tawhidurrahmandear_widget]

കണ്ണീരോടെ പരാതിയുമായി യുവാവ്; പ്രതികരിക്കാതെ മൊബൈലിൽ നോക്കിയിരുന്ന് ജില്ലാ മജിസ്ട്രേറ്റ്; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം

 കണ്ണീരോടെ പരാതിയുമായി യുവാവ്; പ്രതികരിക്കാതെ മൊബൈലിൽ നോക്കിയിരുന്ന് ജില്ലാ മജിസ്ട്രേറ്റ്; സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം

ലക്കനൗ: ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗറിൽ പരാതി ബോധിപ്പിക്കാനെത്തിയ യുവാവിനോട് ജില്ലാ മജിസ്ട്രേറ്റ് കാണിച്ച അനാദരവ് വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. തന്റെ അമ്മയെ കുരങ്ങുകൾ ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്നും പ്രദേശത്ത് കുരങ്ങ് ശല്യം രൂക്ഷമാണെന്നും കരഞ്ഞുപറഞ്ഞ യുവാവിനോടാണ് ജില്ലാ മജിസ്‌ട്രേറ്റ് ശിവശരണപ്പ ജി.എൻ. തികഞ്ഞ അവഗണന കാണിച്ചത്. യുവാവ് തന്റെ സങ്കടം വിവരിക്കുമ്പോൾ കളക്ടർ അതൊന്നും ശ്രദ്ധിക്കാതെ സ്വന്തം മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്കയും ചുയിം​ഗ് ​ഗം ചവക്കുന്നതുമായുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ഗ്രാമീണ മേഖലകളിൽ കുരങ്ങ് ശല്യം കാരണം ജനങ്ങൾ പൊറുതിമുട്ടുമ്പോഴാണ് പരാതി കേൾക്കാൻ ബാധ്യസ്ഥനായ ഉന്നത ഉദ്യോഗസ്ഥൻ ഇത്തരത്തിൽ നിരുത്തരവാദപരമായി പെരുമാറിയതെന്ന വിമർശനം ശക്തമാണ്. എക്‌സിലൂടെ പുറത്തുവന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഭരണകൂടത്തിന്റെ നിസ്സംഗതയെ തുറന്നുകാണിക്കുന്നതാണെന്ന് പലരും അഭിപ്രായപ്പെട്ടു.

സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പരാതി ലഭിച്ച ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഗ്രാമത്തിലേക്ക് അയച്ചുവെന്നും പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടുവെന്നുമാണ് അധികൃതർ അറിയിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്ന ചിത്രങ്ങളും ഔദ്യോഗിക പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ വീഡിയോയിൽ വ്യക്തമായി കാണുന്ന കളക്ടറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് യാതൊരു വിശദീകരണവും നൽകാൻ അധികൃതർ തയ്യാറായില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കേണ്ട ഉദ്യോഗസ്ഥർ ഇത്രയും മനുഷ്യത്വരഹിതമായി പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ വീഡിയോയ്ക്ക് താഴെ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നു കഴിഞ്ഞു.

Also read: