“ഇത്തവണ നിങ്ങളുടെ മകൻ ഡോക്ടറാകും പപ്പാ..” 3-4 വർഷത്തെ കഠിനാധ്വാനം; 650-നു മുകളിൽ മാർക്ക് നേടുമെന്ന പ്രതീക്ഷ; നീറ്റ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ ആത്മഹത്യ ചെയ്ത് വിദ്യാർത്ഥി
സിക്കർ: രാജ്യത്ത് നീറ്റ് പരീക്ഷാ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും സംബന്ധിച്ച വിവാദങ്ങൾ കത്തുമ്പോൾ, രാജസ്ഥാനിലെ സിക്കറിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത വാർത്ത കടുത്ത നൊമ്പരമാകുന്നു. രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ പ്രദീപാണ് സിക്കറിലെ തന്റെ ചെറിയ വാടകമുറിയിൽ ജീവനൊടുക്കിയത്. പരീക്ഷ എഴുതിക്കഴിഞ്ഞ ഉടൻ തന്നെ പ്രദീപ് തന്റെ പിതാവിനെ വിളിച്ച് 650-ലധികം മാർക്ക് ലഭിക്കുമെന്നും ഇത്തവണ ഡോക്ടറാകുമെന്നും ഉറപ്പിച്ചു പറഞ്ഞിരുന്നതായി പിതാവ് കണ്ണീരോടെ ഓർക്കുന്നു. ദരിദ്ര പശ്ചാത്തലത്തിൽ നിന്നുള്ള ഈ കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു പ്രദീപ്. സഹോദരിയുടെ ഷാളിൽ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് പ്രദീപിനെ പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന്-നാല് വർഷമായി സിക്കറിലെ ഒരു ചെറിയ മുറിയിൽ താമസിച്ച് അതീവ കഠിനമായി നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു പ്രദീപ്. മേയ് മൂന്നിന് നടന്ന പരീക്ഷയ്ക്ക് ശേഷം വലിയ ആത്മവിശ്വാസത്തിലായിരുന്ന പ്രദീപിനെ തളർത്തിയത് നിലവിലെ പരീക്ഷ റദ്ദാക്കിയതായിരുന്നു. നീറ്റ് പരീക്ഷ റദ്ദാക്കിയ ഭയവും തുടർന്നുണ്ടായ അനിശ്ചിതാവസ്ഥയും വീണ്ടും ഇതേ മാനസിക പീഡനത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും കടന്നുപോകേണ്ടി വരുമോ എന്ന ചിന്തയുമാണ് യുവാവിനെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. പരീക്ഷാ ക്രമക്കേടുകൾ മൂലം കഠിനമായി പഠിച്ച വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പ്രദീപെന്ന് സഹപാഠികളും ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.