10/06/2026
[fontresizer_tawhidurrahmandear_widget]

‘പശുക്കളുടെ ജനന സർട്ടിഫിക്കറ്റ് കാണിക്ക്’; കന്നുകാലി വ്യാപാരികളോട് വിചിത്ര ആവശ്യവുമായി ബംഗാൾ ബിജെപി എംഎൽഎ

 ‘പശുക്കളുടെ ജനന സർട്ടിഫിക്കറ്റ് കാണിക്ക്’; കന്നുകാലി വ്യാപാരികളോട് വിചിത്ര ആവശ്യവുമായി ബംഗാൾ ബിജെപി എംഎൽഎ

കൊൽക്കത്ത: കശാപ്പിനായി കൊണ്ടുപോകുന്ന പശുക്കളുടെ പ്രായം തെളിയിക്കാൻ ‘ജനന സർട്ടിഫിക്കറ്റ്’ ഹാജരാക്കണമെന്ന വിചിത്ര വാദവുമായി ബിജെപി എംഎൽഎ. പശ്ചിമബംഗാളിലെ ഹിംഗൽഗഞ്ചിൽ നിന്നുള്ള ബിജെപി എംഎൽഎ രേഖാ പത്രയാണ് കന്നുകാലികളുമായി പോയ വാഹനം തടഞ്ഞുനിർത്തി വ്യാപാരികളോട് പശുക്കളുടെ ജനന സർട്ടിഫിക്കറ്റ് ചോദിച്ചത്. എംഎൽഎയുടെ പ്രസ്താവന പുറത്തുവന്നതോടെ കടുത്ത പരിഹാസവുമായി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

ഹിംഗൽഗഞ്ചിലെ ലേബൂഖാലി പ്രദേശത്തുവെച്ചാണ് കന്നുകാലികളെ കയറ്റി വന്ന വാഹനം രേഖാ പത്രയുടെ നേതൃത്വത്തിൽ തടഞ്ഞത്. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന പശുക്കളെ ഇറക്കി റോഡരികിലെ മരത്തിൽ കെട്ടിയിട്ട എംഎൽഎ, ഇവയ്ക്ക് വൈക്കോലും വെള്ളവും നൽകി സംരക്ഷിച്ചു. ഇതിനുശേഷമാണ് വ്യാപാരികളോട് പശുക്കളുടെ രേഖകൾ ആവശ്യപ്പെട്ടത്. 14 വയസ്സിന് താഴെയുള്ള പശുക്കളെ കശാപ്പ് ചെയ്യുന്നത് സർക്കാർ കർശനമായി നിരോധിച്ചിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ ആരെങ്കിലും പശുക്കളെ കടത്തുന്നത് കണ്ടാൽ അവരെ പിടികൂടണമെന്നും രേഖാ പത്ര പറഞ്ഞു. ഒപ്പം പശുക്കളുടെ ജനന സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെടണമെന്നും, അതിന് കഴിഞ്ഞില്ലെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി. നിയമവിരുദ്ധ കന്നുകാലി വ്യാപാരികൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി നിർദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

അതേസമയം ബിജെപി എംഎൽഎയുടെ ഈ വിചിത്രമായ പ്രസ്‌താവനയ്‌ക്കെതിരെ കടുത്ത ട്രോളുകളുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബിജെപി ഭരിക്കുന്ന ഏതെങ്കിലും ഒരു സംസ്ഥാനത്ത് പശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകുന്ന രീതിയുണ്ടെങ്കിൽ അത് തെളിയിക്കാൻ തൃണമൂൽ നേതാവ് കുനാൽ ഘോഷ് ബിജെപിയെ വെല്ലുവിളിച്ചു. ഇനി അഥവാ അങ്ങനെയൊരു സർട്ടിഫിക്കറ്റ് കാണിക്കാൻ ബിജെപിക്ക് സാധിച്ചാൽ തന്നെ, ആ സർട്ടിഫിക്കറ്റിൽ ഒപ്പുവെക്കാൻ ആർക്കാണ് അധികാരം നൽകിയിട്ടുള്ളതെന്ന് പരിശോധിക്കേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. സോഷ്യൽ മീഡിയയിലും ബിജെപി എംഎൽഎയുടെ ഈ ജനന സർട്ടിഫിക്കറ്റ് പരാമർശം വലിയ രീതിയിൽ ചർച്ചയാവുകയാണ്.

Also read: