‘പപ്പാ, ഞാൻ ആ ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുക്കുന്നു…’; 35-ാം ചരമവാർഷികത്തിൽ രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാം ചരമവാർഷികത്തിൽ പിതാവിനെ അനുസ്മരിച്ച് വൈകാരിക കുറിപ്പുമായി രാഹുൽ ഗാന്ധി. തൻ്റെ കുട്ടിക്കാലത്ത് പിതാവിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രത്തോടൊപ്പം ഹൃദയസ്പർശിയായ സന്ദേശമാണ് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. ‘പപ്പാ, അങ്ങയുടെ സ്വപ്‌നമായിരുന്ന നൈപുണ്യമുള്ളതും, സമൃദ്ധവും, ശക്തവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന ഉത്തരവാദിത്തം ഞാൻ പൂർണ്ണമായും ഏറ്റെടുക്കുന്നു. അങ്ങയുടെ ഉപദേശങ്ങളും മൂല്യങ്ങളും ഓർമ്മകളും എപ്പോഴും എന്നോടൊപ്പമുണ്ടാകും,’ എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്. ഈ കുറിപ്പിനൊപ്പം രാജീവ് ഗാന്ധിക്കൊപ്പമുള്ള തന്റെ കുട്ടിക്കാലത്തെ ചിത്രം ഉൾപ്പെടെ രണ്ട് ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ രാജ്യത്തുടനീളമുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന് സ്മരണാഞ്ജലികൾ അർപ്പിച്ചു. ഡൽഹിയിലെ രാജീവ് ഗാന്ധി സ്‌മാരകമായ ‘വീർ ഭൂമി’യിൽ നടന്ന പ്രത്യേക ചടങ്ങിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നേരിട്ടെത്തി പുഷ്‌പാർച്ചന നടത്തി. പ്രിയങ്ക ഗാന്ധിയുടെ മക്കളായ മിറായ വധ്രയും റൈഹാൻ വധ്രയും അപ്പൂപ്പന് ആദരവർപ്പിക്കാൻ ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇവരെ കൂടാതെ മുതിർന്ന കോൺഗ്രസ് നേതാക്കളായ അശോക് ഗെലോട്ട്, പി. ചിദംബരം, ഭൂപീന്ദർ സിംഗ് ഹൂഡ, മുകുൾ വാസ്‌നിക് എന്നിവരും വീർ ഭൂമിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. അതേസമയം, മുൻ പ്രധാനമന്ത്രിയെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും എക്സിലൂടെ തന്റെ ആദരവ് രേഖപ്പെടുത്തി.