‘ലക്ഷകണക്കിന് ഭക്തർ ചാർ ധാം യാത്രക്കു വേണ്ടി ഉത്തരാഖണ്ഡിലെത്തുന്നു, ഈദ് നമസ്കാരം റോഡിൽ വേണ്ട പള്ളിയിൽ മാത്രം’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ഡെറാഡൂൺ: വരാനിരിക്കുന്ന ബലിപെരുന്നാൾ ആഘോഷങ്ങളും നിലവിൽ പുരോഗമിക്കുന്ന ചാർ ധാം യാത്രയും കണക്കിലെടുത്ത്, സംസ്ഥാനത്തെ പൊതുറോഡുകൾ മതപരമായ ചടങ്ങുകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സംസ്ഥാന സർക്കാർ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ വാർഷിക തീർത്ഥാടന കാലത്ത് ക്രമസമാധാന പാലനത്തിനും പൊതുജനങ്ങളുടെ സൗകര്യങ്ങൾക്കുമാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും വെള്ളിയാഴ്ച അദ്ദേഹം വ്യക്തമാക്കി. ഗർവാൾ ഹിമാലയത്തിലെ നാല് പുണ്യകേന്ദ്രങ്ങളായ യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവടങ്ങളിലേക്കുള്ള ചാർ ധാം യാത്ര നിലവിൽ സജീവമായി നടക്കുകയാണ്.
ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഇപ്പോൾ സംസ്ഥാനം സന്ദർശിച്ചുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ സമാധാനപരവും വ്യവസ്ഥാപിതവുമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡുകൾ പൊതുജനങ്ങൾക്ക് സഞ്ചരിക്കാനുള്ളതാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈദ് നമസ്കാരം ഉൾപ്പെടെയുള്ള മതപരമായ ചടങ്ങുകൾ പള്ളികളിലോ ഈദ്ഗാഹുകളിലോ മറ്റ് നിശ്ചിത സ്ഥലങ്ങളിലോ മാത്രമായി പരിമിതപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന തരത്തിൽ റോഡുകൾ തടസ്സപ്പെടുത്തിയാൽ അധികൃതർ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാനമായ ചില പരാമർശങ്ങൾ അടുത്തിടെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തുറസ്സായ സ്ഥലങ്ങളിൽ ഈദ് നമസ്കാരം നടത്തുന്നതിനെതിരെ ഹൈന്ദവ സംഘടനകൾ ക്യാമ്പയിൻ ശക്തമാക്കിയത്.
അദ്ദേഹത്തിൻ്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതികരണവുമായി മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി രംഗത്തെത്തി. മുസ്ലീങ്ങൾ സാധാരണയായി റോഡിൽ നമസ്കരിക്കാറില്ലെന്ന് പറഞ്ഞ അദ്ദേഹം, മുഖ്യമന്ത്രി രാഷ്ട്രീയ ലാഭത്തിന് വേണ്ടി വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഭൂരിപക്ഷ സമൂഹത്തെ പ്രീതിപ്പെടുത്താനാണ് മുഖ്യമന്ത്രി ഇത്തരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത്. മറ്റ് വഴികളില്ലാത്ത കടുത്ത നിർബന്ധിത സാഹചര്യങ്ങളിൽ മാത്രമാണ് വല്ലപ്പോഴും അങ്ങനെ സംഭവിക്കുന്നത്. അല്ലാതെ ഈദ് ആയാലും ബക്രീദ് ആയാലും വെള്ളിയാഴ്ചയായാലും സാധാരണ നമസ്കാരമായാലും റോഡുകൾ തടസ്സപ്പെടുത്താറില്ലെന്ന് മൗലാന വ്യക്തമാക്കി.
അതേസമയം, പൊതുറോഡുകളിലെ പ്രാർത്ഥനകൾ പൂർണ്ണമായി നിരോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ആവശ്യപ്പെട്ടു. റോഡുകളിലെ പ്രാർത്ഥനകൾ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെന്നും സ്കൂൾ കുട്ടികളെയും ആംബുലൻസ് സർവീസുകളെയും ഇത് ബാധിക്കുന്നുണ്ടെന്നും വി.എച്ച്.പി കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ ആരോപിച്ചു. ഇത് പ്രാർത്ഥനയല്ലെന്നും മറിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കലാണെന്നും, സ്ഥലമില്ലാത്തതുകൊണ്ടല്ല ചിലർ ശക്തി പ്രകടനത്തിന്റെ ഭാഗമായാണ് റോഡിലിറങ്ങുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, ബിജെപി സർക്കാരും ഹൈന്ദവ സംഘടനകളും മുസ്ലീം മതപരമായ ചടങ്ങുകളെ മാത്രം ലക്ഷ്യം വെയ്ക്കുകയാണെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. ഭൂരിപക്ഷ സമുദായത്തിന്റെ വലിയ ആഘോഷങ്ങളായ കാൻവർ യാത്ര, ചാർ ധാം യാത്ര, രാമനവമി, നവരാത്രി ആഘോഷങ്ങൾ എന്നിവ നടക്കുമ്പോൾ പൊതുവഴികൾ വലിയ തോതിൽ തടസ്സപ്പെടാറുണ്ടെന്നും, അത്തരം സമയങ്ങളിൽ ഈ സംഘടനകൾ മൗനം പാലിക്കുകയാണെന്നുമാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം.