‘ബഹുഭാര്യത്വം നിരോധിക്കും, ലിവ്- ഇൻ റിലേഷൻ രജിസ്റ്റർ ചെയ്യണം’; ഏക സിവിൽകോഡ് ബിൽ അവതരിപ്പിച്ച് അസം സർക്കാർ
ഗുവാഹത്തി: സംസ്ഥാനത്ത് വിവാഹം, വിവാഹമോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങളിൽ എല്ലാവർക്കും ഒരേ നിയമം കൊണ്ടുവരുന്ന ഏകീകൃത സിവിൽ കോഡ് (യു.സി.സി) ബിൽ അസം സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയ്ക്ക് വേണ്ടി പാർലമെൻ്ററികാര്യ മന്ത്രി അതുൽ ബോറയാണ് ബിൽ സഭയിൽ സമർപ്പിച്ചത്. എന്നാൽ, സംസ്ഥാനത്തെ പട്ടികവർഗ വിഭാഗങ്ങളെ ഈ നിയമത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ബഹുഭാര്യത്വം പൂർണ്ണമായും നിരോധിക്കുന്നതാണ് ഈ പുതിയ ബിൽ. കൂടാതെ, വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവർ (ലിവ്-ഇൻ റിലേഷൻഷിപ്പ്) അത് നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും ബിൽ നിർദേശിക്കുന്നു. ഇതിലൂടെ പങ്കാളികൾക്കും ഇത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികൾക്കും നിയമപരമായ സംരക്ഷണവും അവകാശങ്ങളും ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കുന്നു.
വിവാഹത്തിനുള്ള നിയമപരമായ പ്രായം പുരുഷന്മാർക്ക് 21 വയസ്സും സ്ത്രീകൾക്ക് 18 വയസ്സുമായി ഇതിൽ നിശ്ചയിച്ചിട്ടുണ്ട്. നിയമപരമായ അവകാശങ്ങൾ നഷ്ടപ്പെടാതിരിക്കാൻ വിവാഹവും വിവാഹമോചനവും ഔദ്യോഗികമായി രജിസ്റ്റർ ചെയ്യേണ്ടത് ബിൽ നിർബന്ധമാക്കുന്നു. ജീവനാംശവും മറ്റ് സംരക്ഷണങ്ങളും ഉറപ്പാക്കാനാണിത്. സ്വത്തുക്കൾ ന്യായമായും തുല്യമായും വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നിലവിലെ പിന്തുടർച്ചാവകാശ നിയമങ്ങൾ പരിഷ്കരിക്കാനും ബിൽ ലക്ഷ്യമിടുന്നു.
അതേസമയം, ബിൽ സഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, റൈജോർ ദൾ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. മതിയായ കൂടിയാലോചനകൾ ഇല്ലാതെയാണ് സർക്കാർ ഏകപക്ഷീയമായി ബിൽ കൊണ്ടുവന്നതെന്നും, ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്ത ശേഷം മാത്രമേ നിയമം പാസാക്കാവൂ എന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഭരണഘടനയുടെ 44-ാം അനുച്ഛേദം പൗരന്മാർക്കായി ഒരു ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സർക്കാരുകളോട് നിർദേശിക്കുന്നുണ്ടെന്നും അസമിലെ ജനങ്ങൾക്ക് അവരുടെ മതം പരിഗണിക്കാതെ ഒരേ നിയമം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വിശദീകരിച്ചു. ഇതിലൂടെ നിയമപരമായ വ്യക്തത വരുത്താനും ഓരോ വ്യക്തിയുടെയും മൗലികാവകാശങ്ങൾ കൂടുതൽ സുരക്ഷിതമാക്കാനും കഴിയുമെന്നും അദ്ദേഹം പ്രതികരിച്ചു.