04/06/2026
[fontresizer_tawhidurrahmandear_widget]

‘കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു’: കെ എൻ ബാലഗോപാൽ

 ‘കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു’: കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനം വലിയ കടക്കെണിയിലാണെന്ന വാദങ്ങളെ തള്ളി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളത്തിന് ആറ് ലക്ഷം കോടി രൂപയുടെ കടമുണ്ടെന്ന വി.ഡി. സതീശൻ്റെ വാദങ്ങൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻ്റെ കടബാധ്യത 4.85 ലക്ഷം കോടിയാണെന്നും അത് പിന്നീട് 5.07 ലക്ഷം കോടിയായി ഉയർന്നെന്നും എൽ.ഡി.എഫ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഈ കണക്കുകൾ തന്നെയാണ് ശരിയെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്നും, രേഖകളുള്ള കാര്യങ്ങളിൽ ആർക്കും കള്ളം പറയാൻ സാധിക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ധവളപത്രം തയ്യാറാക്കിയ നിലവിലെ സർക്കാരിൻ്റെ നടപടിയെയും അദ്ദേഹം വിമർശിച്ചു. സാധാരണയായി ധനകാര്യ വകുപ്പാണ് സർക്കാരിൻ്റെ ധവളപത്രം തയ്യാറാക്കേണ്ടത്. എന്നാൽ ഇതിനായി പുറത്തുനിന്നുള്ള ഒരു പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത് നടപടികളുടെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തി. മാത്രമല്ല, സംസ്ഥാന സർക്കാരിൻ്റെ വരുമാനം കുറയാനുണ്ടായ യഥാർത്ഥ കാരണങ്ങൾ എന്താണെന്ന് ഈ ധവളപത്രത്തിൽ വിശദീകരിക്കുന്നില്ലെന്നും ബാലഗോപാൽ കുറ്റപ്പെടുത്തി.

മുൻ സർക്കാരിൻ്റെ ബജറ്റിൽ യാതൊരു കള്ളത്തരവും കാണിച്ചിട്ടില്ലെന്നും കേന്ദ്രത്തിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന തുകയാണ് അതിൽ ഉൾപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പതിനാറാം ധനകാര്യ കമ്മീഷൻ്റെ റിപ്പോർട്ട് വരുന്നതിന് മുൻപ് ബജറ്റ് അവതരിപ്പിച്ചതുകൊണ്ടാണ് 2.8 ശതമാനം റവന്യൂ ഡെഫിസിറ്റ് ഗ്രാൻ്റ് ലഭിക്കുമെന്ന് കാണിച്ചത്. സാമ്പത്തിക നിയന്ത്രണങ്ങൾ നേരിടുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്നും, എസ്‌.സി, എസ്‌.ടി സ്കോളർഷിപ്പ് ഇനത്തിൽ മാത്രം നാലായിരത്തോളം കോടി രൂപ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇതിനിടെ വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഊതിപ്പെരുപ്പിച്ച സാമ്പത്തിക കണക്കുകൾ ശരിയല്ലെന്ന് ധവളപത്രം വന്നതോടെ പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമായിരിക്കുകയാണ്. സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം കോടി നൽകാനുണ്ടെന്ന് ആദ്യം പറഞ്ഞത് ശരിയല്ല. നിലവിൽ സർക്കാർ ആർക്കും പണം കൊടുക്കാനില്ലെന്നും ആരും കടം ചോദിച്ച് സർക്കാരിന് മുന്നിൽ നിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബസ് ടിക്കറ്റും പാലും ചോറും തരുന്നില്ല എന്ന് മുൻപ് എ.കെ. ആൻ്റണി പറഞ്ഞതുപോലെയുള്ള ഒരു സാഹചര്യമല്ല ഇപ്പോൾ കേരളത്തിലുള്ളതെന്നും ബാലഗോപാൽ പരിഹസിച്ചു. കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ഇന്ദിര ഗ്യാരണ്ടി’ നടപ്പിലാക്കാൻ വേണ്ടി സർക്കാരിൻ്റെ ഫണ്ട് വകമാറ്റാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും, ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ എത്ര തുക ചെലവാകുമെന്നതിനെക്കുറിച്ച് വ്യക്തമായ പഠനം നടത്തണമെന്നും കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടു.

Also read: