മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശം; ‘വിഷം തുപ്പുന്ന വാക്കുകൾ ഒഴിവാക്കണം’; ആർ.എസ്.എസ് നേതാവിനെ ശകാരിച്ച് കർണാടക ഹൈകോടതി
കർണാടക: മുസ്‌ലിം സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ ആർ.എസ്.എസ് നേതാവ് ഡോ. കല്ലഡ്‌ക പ്രഭാകർ ഭട്ടിനെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. പൊതുവേദികളിൽ വിദ്വേഷം കലർന്ന വാക്കുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും പ്രസംഗങ്ങളിൽ സ്വയം നിയന്ത്രണം പാലിക്കണമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന അദ്ദേഹത്തോട് നിർദേശിച്ചു. തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭട്ട് നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഈ സുപ്രധാന ഇടപെടൽ.
“വാക്കുകളിൽ വിഷം കലർത്തരുത്. എന്തിനാണ് വീണ്ടും വീണ്ടും പരാതികൾക്ക് ഇടവരുത്തുന്നത്?” എന്ന് വാദത്തിനിടെ കോടതി ചോദിച്ചു. പ്രഭാകർ ഭട്ട് നിരന്തരം മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അതിനാൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് പൂർണ്ണമായി വിലക്കേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കർണാടക ദലിത് ഹക്കുഗള രാജ്യ സമിതി നേതാവ് ഈശ്വരി പദ്മുഞ്ജയാണ് കോടതിയെ സമീപിച്ചത്.
ഉള്ളാൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഹിന്ദു ജനസംഖ്യ കുറഞ്ഞുവരികയാണെന്നും, ഇത് മറികടക്കാൻ ഓരോ ഹിന്ദു കുടുംബവും കുറഞ്ഞത് മൂന്ന് കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്നുമായിരുന്നു ഭട്ടിന്റെ വിവാദ പരാമർശം. ഇത് ഇരുമതവിഭാഗങ്ങളിലുമുള്ള സ്ത്രീകളുടെ അന്തസ്സിനെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി പുത്തൂർ റൂറൽ പോലീസാണ് ഭാരതീയ ന്യായ സംഹിത പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. ദക്ഷിണ കന്നഡ ജില്ലയിൽ മാത്രം ഭട്ടിനെതിരെ പന്ത്രണ്ടോളം വിദ്വേഷ പ്രസംഗ കേസുകൾ നിലവിലുണ്ടെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
ഭാവിയിൽ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ ആവർത്തിക്കില്ലെന്ന് ഭട്ട് രേഖാമൂലം ഉറപ്പ് നൽകിയതായി ജസ്റ്റിസ് നാഗപ്രസന്ന അറിയിച്ചു. ഈ ഉറപ്പിന്മേൽ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിൽ നിന്ന് കോടതി അദ്ദേഹത്തിന് താൽക്കാലിക സംരക്ഷണം നീട്ടി നൽകി. പ്രഭാകർ ഭട്ടിനെതിരെയുള്ള സമാന കേസുകളെല്ലാം ഒന്നിച്ച് പരിഗണിക്കാൻ തീരുമാനിച്ച ഹൈക്കോടതി, കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ജൂൺ 16-ലേക്ക് മാറ്റി.
എന്നാൽ, കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെ ജൂൺ രണ്ടിന് ബണ്ട്വാളിൽ വെച്ച് വീണ്ടും മുസ്‌ലിം വിരുദ്ധ പ്രസംഗം നടത്തിയതിന് ഭട്ടിനെതിരെ പോലീസ് പുതിയ എഫ്.ഐ.ആർ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.