04/06/2026
[fontresizer_tawhidurrahmandear_widget]

മധ്യപ്രദേശിലെ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റാനൊരുങ്ങി അധികൃതർ; പുതിയ പേര് ‘വാഗ്‌ദേവി ഭോജ്പാൽ സർവകലാശാല’

 മധ്യപ്രദേശിലെ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റാനൊരുങ്ങി അധികൃതർ; പുതിയ പേര് ‘വാഗ്‌ദേവി ഭോജ്പാൽ സർവകലാശാല’

ഭോപ്പാൽ: മധ്യപ്രദേശിലെ പ്രശസ്‌തമായ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റാൻ ഒരുങ്ങുന്നു. എക്സിക്യൂട്ടീവ് കൗൺസിലിലാണ് തീരുമാനം. സർവകലാശാലയുടെ പേര് ‘വാഗ്‌ദേവി ഭോജ്പാൽ സർവകലാശാല’ എന്ന് പുനർനാമകരണം ചെയ്യാനുള്ള പ്രമേയം ബുധനാഴ്‌ച ചേർന്ന പ്രത്യേക യോഗത്തിൽ കൗൺസിൽ പാസാക്കി. അന്തിമ അനുമതിക്കായി പ്രമേയം ഗവർണറും ചാൻസലറുമായ മംഗുഭായ് സി. പട്ടേലിന് കൈമാറിയിരിക്കുകയാണ്.

പേര് മാറ്റത്തിന് പുറമെ, അറബിക്, പേർഷ്യൻ തുടങ്ങിയ ഭാഷാ വിഭാഗങ്ങളെ സംയോജിപ്പിച്ച് ‘ഡിപ്പാർട്ട്മെന്റ് ഓഫ് കംപാരറ്റീവ് ലാംഗ്വേജസ് ആൻഡ് കൾച്ചർ’ എന്ന പുതിയ വകുപ്പ് രൂപീകരിക്കാനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്.

പ്രദേശത്തിന്റെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിക്കുന്നതിനും, പതിനൊന്നാം നൂറ്റാണ്ടിലെ ഭരണാധികാരിയായ രാജാ ഭോജിൻ്റെ സംഭാവനകളെ ആദരിക്കുന്നതിനുമാണ് പുതിയ പേരെന്ന് സർവകലാശാല രജിസ്ട്രാർ ഡോ. എസ്.ബി സിങ് വ്യക്തമാക്കി. രാജാ ഭോജിൻ്റെ സാഹിത്യ, ശാസ്ത്ര, വാസ്‌തുവിദ്യാ സംഭാവനകളെ പ്രമേയത്തിൽ പ്രത്യേകം എടുത്തുപറയുന്നുണ്ട്. സരസ്വതി ദേവിയുമായി ബന്ധപ്പെടുത്തിയാണ് ‘വാഗ്‌ദേവി’ എന്ന പേര് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ പേര് നിർദേശിച്ചുകൊണ്ടുള്ള പ്രമേയത്തിൽ രാജാ ഭോജിനെയും സ്വാതന്ത്ര്യസമര സേനാനിയായ മൗലാന ബർക്കത്തുല്ലയെയും നേരിട്ട് താരതമ്യം ചെയ്‌തതാണ് നിലവിലെ വിവാദങ്ങൾക്ക് കാരണമായത്. മൗലാന ബർക്കത്തുല്ല ഭോപ്പാൽ സ്വദേശിയായിരുന്നു എന്നതൊഴിച്ചാൽ പ്രദേശത്തിന് വേണ്ടി കാര്യമായ സംഭാവനകളൊന്നും നൽകിയിട്ടില്ലെന്നാണ് പ്രമേയത്തിലെ പരാമർശം. സ്വാതന്ത്ര്യസമര സേനാനിയെ അപമാനിക്കുന്ന ഈ നീക്കത്തെ കൗൺസിൽ അംഗമായ പ്രൊഫ. താഹിറ അബ്ബാസി യോഗത്തിൽ ശക്തമായി എതിർത്തു. പേര് മാറ്റുന്നതിന് പകരം പുതിയൊരു സർവകലാശാല സ്ഥാപിക്കുകയാണ് വേണ്ടതെന്ന് അവർ വ്യക്തമാക്കി.

സർവകലാശാലയുടെ പേരുമാറ്റത്തിൽ ബി.ജെ.പി സർക്കാരിനെതിരെ കോൺഗ്രസ് കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ തന്ത്രമാണിതെന്ന് കോൺഗ്രസ് നേതാവ് പി.സി ശർമ ആരോപിച്ചു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ഈ തീരുമാനം റദ്ദാക്കി പഴയ പേര് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1970-ൽ ഭോപ്പാൽ സർവകലാശാല എന്ന പേരിൽ സ്ഥാപിതമായ ഈ വിദ്യാഭ്യാസ സ്ഥാപനം, 1988-ലാണ് ഭോപ്പാൽ സ്വദേശിയായ പ്രമുഖ വിപ്ലവകാരി മൗലാന ബർക്കത്തുല്ലയോടുള്ള ആദരസൂചകമായി പുനർനാമകരണം ചെയ്തത്. ഒന്നാം ലോകമഹായുദ്ധകാലത്ത് അഫ്ഗാനിസ്ഥാനിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയുടെ ആദ്യത്തെ താൽക്കാലിക പ്രവാസി സർക്കാരിൻ്റെ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം. ഗദ്ദർ പ്രസ്ഥാനത്തിലൂടെയും വിദേശരാജ്യങ്ങളിലെ വിപ്ലവ പ്രവർത്തനങ്ങളിലൂടെയും രാജ്യത്തിനായി പോരാടിയ അദ്ദേഹം 1927-ൽ അമേരിക്കയിൽ വെച്ചാണ് അന്തരിച്ചത്.

മധ്യപ്രദേശിൽ ബി.ജെ.പി ഭരണത്തിന് കീഴിൽ പേരുകൾ മാറ്റുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുമ്പ് ഹബീബ്‌ഗഞ്ച് റെയിൽവേ സ്റ്റേഷൻ്റെ പേര് ‘റാണി കമലാപതി’ എന്നും, ഹോഷംഗാബാദ് ജില്ലയുടെ പേര് ‘നർമദാപുരം’ എന്നും മാറ്റിയിരുന്നു.

Also read: