13/06/2026
[fontresizer_tawhidurrahmandear_widget]

’10 ലക്ഷം കൊടുത്ത് സർട്ടിഫിക്കറ്റ്, മാസം ഒരു ലക്ഷം രൂപ ശമ്പളം’; മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ വ്യാജ ഡോക്ടർമാർ പിടിയിൽ

 ’10 ലക്ഷം കൊടുത്ത് സർട്ടിഫിക്കറ്റ്, മാസം ഒരു ലക്ഷം രൂപ ശമ്പളം’; മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ വ്യാജ ഡോക്ടർമാർ പിടിയിൽ

ഭോപ്പാൽ: മധ്യപ്രദേശിൽ വ്യാജ എം.ബി.ബി.എസ് ബിരുദവും രജിസ്ട്രേഷനും ഉപയോഗിച്ച് സർക്കാർ ക്ലിനിക്കുകളിൽ ജോലി ചെയ്തുവന്ന മൂന്ന് പേർ പിടിയിൽ. യഥാർത്ഥ ഡോക്ടർമാരുടെ രജിസ്ട്രേഷൻ നമ്പറുകൾ തിരുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിമാസം 80,000 മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം പറ്റിയിരുന്ന വ്യാജ ഡോക്ടർമാരാണ് അറസ്റ്റിലായിരിക്കുന്നത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ ഞെട്ടിക്കുന്ന സംഭവം.

നാഷണൽ ഹെൽത്ത് മിഷന്റെ കീഴിലുള്ള സഞ്ജീവനി ക്ലിനിക്കുകളിൽ ഡോക്ടർമാരായി ജോലി ചെയ്തിരുന്ന കുമാർ സച്ചിൻ യാദവ്, രാജ്പാൽ ഗൗർ, അജയ് മൗര്യ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദാമോ കേന്ദ്രീകരിച്ചായിരുന്നു ഈ വ്യാജ ഡോക്ടർ റാക്കറ്റിന്റെ പ്രവർത്തനം. ഇതിൽ സച്ചിനും രാജ്പാലും ദാമോയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും, അജയ് മൗര്യ ജബൽപൂരിലെ ക്ലിനിക്കിലുമാണ് സേവനമനുഷ്ഠിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇവർ ഇവിടെ ഡോക്ടർമാരായി ജോലി ചെയ്തുവരികയായിരുന്നു.

അറസ്റ്റിലായവരിൽ സച്ചിൻ യാദവിന് ബി.ഡി.എസ് ബിരുദവും, രാജ്പാൽ ഗൗറിന് ബി.എച്ച്.എം.എസ് ബിരുദവുമാണ് യഥാർത്ഥത്തിലുള്ളത്. എന്നാൽ ലക്ഷങ്ങൾ നൽകി സംഘടിപ്പിച്ച വ്യാജ എം.ബി.ബി.എസ് സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഇവർ അലോപ്പതി ഡോക്ടർമാരായി സർക്കാർ ജോലി നേടുകയായിരുന്നു. നർമ്മദാപുരത്ത് ജോലി ചെയ്യുന്ന ഡോ. അഭിഷേക് യാദവ് എന്നയാളുടെ 2018-ലെ ലൈസൻസ് നമ്പർ തിരുത്തിയാണ് രാജ്പാൽ ഗൗർ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ വാങ്ങാൻ ഇവർ പത്ത് ലക്ഷത്തോളം രൂപ നൽകിയിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

സർക്കാർ ക്ലിനിക്കുകളിൽ ദിവസേന 30 മുതൽ 40 വരെ രോഗികളെ ഇവർ പരിശോധിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ആയിരക്കണക്കിന് രോഗികളെയാണ് ഈ വ്യാജന്മാർ ചികിത്സിച്ചത്. പ്രതിമാസം 1 ലക്ഷം രൂപ വരെ ശമ്പളമായും ഇവർ കൈപ്പറ്റിയിട്ടുണ്ട്.

വൻ തട്ടിപ്പ് പുറത്തുവന്നതിനെത്തുടർന്ന് ആരോഗ്യവകുപ്പ് കർശന നടപടികളിലേക്ക് കടന്നു. മധ്യപ്രദേശിലുടനീളമുള്ള എൻ.എച്ച്.എം, സഞ്ജീവനി ക്ലിനിക്കുകളിലായി ജോലി ചെയ്യുന്ന രണ്ടായിരത്തിലധികം കരാർ ഡോക്ടർമാരുടെ ബിരുദ സർട്ടിഫിക്കറ്റുകളും രജിസ്ട്രേഷനും അടിയന്തരമായി പരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചു നൽകിയ റാക്കറ്റിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Also read: