19/06/2026
[fontresizer_tawhidurrahmandear_widget]

ലഡാക്കിലെ സിന്ധു ദർശൻ യാത്രയ്ക്ക് ബിഹാർ സർക്കാരിന്റെ ധനസഹായം; തീർത്ഥാടകർക്ക് 20,000 രൂപ വരെ ലഭിക്കും

 ലഡാക്കിലെ സിന്ധു ദർശൻ യാത്രയ്ക്ക് ബിഹാർ സർക്കാരിന്റെ ധനസഹായം; തീർത്ഥാടകർക്ക് 20,000 രൂപ വരെ ലഭിക്കും

പട്ന: ബിഹാറിൽ നിന്ന് ലഡാക്കിലെ സിന്ധു നദീതീരത്തേക്ക് ‘സിന്ധു ദർശൻ’ തീർത്ഥാടനത്തിന് പോകുന്നവർക്ക് 20,000 രൂപ വരെ സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ച ‘സിന്ധു ദർശൻ തീർത്ഥാടന ധനസഹായ ഗ്രാൻ്റ് പദ്ധതി 2026’-ന് അംഗീകാരം നൽകിയത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകമായ സിന്ധു നദി സന്ദർശിക്കാൻ സാധാരണക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. ഈ നിർദ്ദേശമുൾപ്പെടെ മറ്റ് 28 സുപ്രധാന തീരുമാനങ്ങൾക്കും മന്ത്രിസഭ പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

യാത്രയ്ക്ക് പോകുന്നവർക്ക് അവരുടെ ആകെ ചെലവിന്റെ പകുതിയോ അല്ലെങ്കിൽ പരമാവധി 20,000 രൂപയോ ആയിരിക്കും സർക്കാർ സബ്സിഡിയായി നൽകുക. ഇതിൽ ഏതാണോ കുറവ് അതായിരിക്കും അനുവദിക്കുക. ഈ തുക തീർത്ഥാടകർക്ക് മുൻകൂറായി ലഭിക്കില്ല എന്നതാണ് ശ്രദ്ധേയം. സ്വന്തം ചെലവിൽ ലഡാക്കിൽ പോയി സിന്ധു ദർശൻ പൂർത്തിയാക്കി മടങ്ങിയെത്തിയ ശേഷം യഥാർത്ഥ യാത്രാ ബില്ലുകൾ ഉൾപ്പെടെയുള്ള രേഖകൾ നിശ്ചിത മാനദണ്ഡപ്രകാരം സമർപ്പിക്കുമ്പോൾ മാത്രമേ അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ തുക ക്രെഡിറ്റ് ചെയ്യുകയുള്ളൂ.

ലഡാക്കിലേക്കുള്ള വിനോദസഞ്ചാര യാത്രകൾക്ക് ഈ സാമ്പത്തിക ആനുകൂല്യം ലഭിക്കില്ല. ആത്മീയവും സാംസ്കാരികവുമായ പ്രാധാന്യമുള്ള സിന്ധു ദർശൻ തീർത്ഥാടനത്തിന് പോകുന്നവർക്ക് മാത്രമായിരിക്കും ഇത് ലഭ്യമാകുക. അപേക്ഷിക്കുന്നവർ ബിഹാറിലെ സ്ഥിരതാമസക്കാരായിരിക്കണമെന്നും അവർക്ക് 18 വയസ്സോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണമെന്നും കർശന നിബന്ധനയുണ്ട്. കൂടാതെ, ഒരു വർഷം പരമാവധി നൂറ് തീർത്ഥാടകർക്ക് മാത്രമേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുകയുള്ളൂ.

ലഡാക്ക് യാത്രയ്ക്കുള്ള ധനസഹായത്തിന് പുറമെ, സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ‘ഹെലി ടൂറിസം’ പദ്ധതിക്കും ബിഹാർ മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. ഇതനുസരിച്ച് തലസ്ഥാനമായ പട്നയിൽ നിന്ന് സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഹെലികോപ്റ്റർ സർവീസുകൾ ആരംഭിക്കും. പട്നയിൽ നിന്ന് രാജ്ഗിറിലേക്ക് 4,000 രൂപയും, വാൽമീകിനഗറിലേക്ക് 5,000 രൂപയും, കൈമൂറിലേക്ക് 6,000 രൂപയുമായിരിക്കും ഹെലികോപ്റ്റർ യാത്രാനിരക്ക്.

Also read: